'നോ പറയേണ്ട സാഹചര്യത്തിൽ നോ പറയുക തന്നെ വേണം': രമ്യ നമ്പീശൻ

'നോ പറയേണ്ട സാഹചര്യത്തിൽ നോ പറയുക തന്നെ വേണം': രമ്യ നമ്പീശൻ

Rijisha M.| Last Modified ഞായര്‍, 8 ജൂലൈ 2018 (13:19 IST)
മലയാള സിനിമാ മേഖലയിൽ വിള്ളൽ വീണിരിക്കുകയാണ്. ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്നുള്ള പ്രശ്‌നങ്ങൾ ഇതുവരെ അവസാനിച്ചില്ല. കഴിഞ്ഞ ദിസസം പുതിയ വെളിപ്പെടുത്തലുമായി പാർവതി രംഗത്തെത്തിയിരുന്നു. ഇപ്പോൾ രമ്യാ നമ്പീശന്റെ വാക്കുകൾളാണ് ചർച്ചയാകുന്നത്. "എതിർത്തുസംസാരിക്കുമ്പോൾ ഭാവി ഇരുട്ടിലാകുന്ന അവസ്ഥ എവിടെയുമുണ്ടാകും. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം അഭിപ്രായം തുറന്നുപറയാൻ മടിയില്ല, അതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങളുടെ പേരിൽ ഖേദിക്കാറുമില്ല" രമ്യ പറയുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ 'താരങ്ങളും താഴെയുള്ള ഉറുമ്പുകളും' എന്ന പേജിലാണ് രമ്യയുടെ കുറിപ്പ് വന്നിരിക്കുന്നത്.

"സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം ലഭിക്കണം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സിനിമയുടെ അണിയറപ്രവർത്തനങ്ങളിലേക്ക് കൂടുതലായി സ്ത്രീകൾ ജോലിചെയ്യാനെത്തുന്നുണ്ട്. അവർക്കവിടെ ഭയംകൂടാതെ സുരക്ഷിതവും സ്വതന്ത്രവുമായി പ്രവർത്തിക്കാനുള്ള സാഹചര്യം ലഭിക്കുകതന്നെവേണം.വിമൺ ഇൻ സിനിമ കളക്ടീവിന് ഇനിയുമെറെ മുന്നോട്ടുപോകാനുണ്ട്. ആരെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കാനോ ഏതെങ്കിലും സംഘടനകളെ അവഹേളിക്കാനോ വനിതാകൂട്ടായ്മ ശ്രമിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ സിനിമയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളോട് ആശയപരമായ ചില വിയോജിപ്പുകളുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നേതൃത്വം അല്പംകൂടി പക്വമായ നിലപാടുകൾ കൈക്കൊള്ളേണ്ടിയിരുന്നെന്ന് തോന്നി, ആ അഭിപ്രായമാണ് പറഞ്ഞത്.

കേരളത്തെ മൊത്തം ഞെട്ടിച്ച ഒരുസംഭവമാണ് സിനിമാമേഖലയിൽ ഉണ്ടായത്. സിനിമയിലെ ഒരുകുട്ടിക്ക് സംഭവിച്ച അവസ്ഥ ഇനി മറ്റൊരുമേഖലയിലെയും സ്ത്രീക്കുനേരെ ഉണ്ടാകാതിരിക്കണം. സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ് ഈ ശബ്ദങ്ങൾ, ചിലസമയങ്ങളിൽ ചില പ്രതികരണങ്ങൾ നടത്താതിരിക്കാനാവില്ല. സിനിമയ്ക്കുള്ളിലെ വനിതാകൂട്ടായ്മ മുന്നോട്ടുവെച്ച ആശയത്തിന് സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കലാരംഗങ്ങളിൽനിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. അത് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഏറെ കരുത്തുനൽകുന്നു.

നമുക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ലെന്നും നോ പറയേണ്ട സഹചര്യത്തിൽ നോ പറയാനുള്ള ധൈര്യവും കാണിച്ചാൽതന്നെ പകുതി ജയിച്ചു.സിനിമയുടെ അണിയറയിൽ സ്ത്രീകൾ മാത്രമല്ല, പ്രശ്‌നങ്ങൾ നേരിടുന്നത്. പലവിവരങ്ങളും തുറന്നുപറഞ്ഞ് ആൺ സുഹൃത്തുക്കളും ഇന്ന് മുന്നോട്ടുവരുന്നുണ്ട്. പുതിയതലമുറയിലെ കുട്ടികൾ വളരെ ബോൾഡാണ്. മോശം പ്രവണതകൾക്കൊപ്പം നീങ്ങാൻ അവരെ കിട്ടില്ലെന്ന് മാത്രമല്ല, ശക്തമായി പ്രതികരിക്കാനും അവർ തയ്യാറാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :