ആലപ്പുഴ|
Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (09:09 IST)
സുപ്രീംകോടതി ഉത്തരവ് പ്രകാരം ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ആക്‍ടിവിസ്‌റ്റ് രഹ്നാ ഫാത്തിമയ്‌ക്ക് ചെക്ക് തട്ടിപ്പ് കേസിൽ ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും ഒരുദിവസത്തെ കോടതി തടവുമായിരുന്നു ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി നല്‍കിയത്.
ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ആർ അനിൽ കുമാറിൽ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയശേഷം നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇതേത്തുടർന്ന് അനിൽകുമാർ, രഹ്നാ ഫാത്തിമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
2014ൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹ്നാ ഫാത്തിമയ്ക്കെതിരെ ശിക്ഷ വിധിച്ചത്. 210000 രൂപ പിഴയും കോടതി അവസാനിക്കുന്നതുവരെ തടവും ആയിരുന്നു ശിക്ഷ. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ അനുഭവിക്കാനായിരുന്നു കോടതി വിധിച്ചത്.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ സിജെഎം കോടതിയിൽ ഹാജരായ
രഹ്നാ ഫാത്തിമ പിഴയൊടുക്കുകയും വൈകുന്നേരം കോടതി പിരിയുന്നതുവരെ പ്രതിക്കൂട്ടിൽ നിൽക്കുകയും ചെയ്തു.