അപർണ|
Last Modified വെള്ളി, 27 ഏപ്രില്‍ 2018 (11:14 IST)
പിണറായിയിലെ കൂട്ടക്കൊലപാതകത്തിന്റെ കഥകൾ ഓരോന്ന് വെളിപ്പെടുകയാണ്. കേരളത്തെ മുഴുവൻ ഞെട്ടിക്കുന്ന കുറ്റസമ്മതമാണ്
സൌമ്യ പൊലീസിന് മുമ്പാകെ നടത്തിയത്. ഇതിനുപിന്നാലെ ഞെട്ടിക്കുന്ന സത്യങ്ങളും വെളിപ്പെടുത്തലും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.
ഇപ്പോഴിതാ, നാട്ടുകാരേയും പൊലീസിനേയും മുഴുവൻ പറ്റിച്ച സൌമ്യ മുഖ്യമന്ത്രി പിണറായി വിജയനേയും പറ്റിക്കാൻ നോക്കിയതിന്റെ തെളിവ് പുറത്ത്. അമ്മയേയും മക്കളെയും കൊലപ്പെടുത്തിയശേഷം സൌമ്യ മുഖ്യമന്ത്രിക്കൊരു നിവേദനം സമർപ്പിച്ചു. ജീവിക്കാൻ മാർഗമില്ലെന്നും ഒരു സർക്കാർ ജോലി നൽകണമെന്നുമായിരുന്നു അതിലെ ആവശ്യം. നിവേദനത്തിൽ എഴുതിയത് കണ്ടാൽ ഒരു മനുഷ്യനും ഉൾക്കൊള്ളാൻ കഴിയില്ല.
‘എന്റെ കുടുംബത്തിനു ആവുന്ന സഹായം ചെയ്തു തരണം. എനിക്കൊരു ജോലി ലഭിക്കുകയാണെങ്കിൽ കുടുംബത്തിലുള്ള ബാക്കിയുള്ളവരെയും രക്ഷിക്കാനാകും. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ടു സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണം. എന്റെ രണ്ടു കുട്ടികൾക്കും അമ്മയ്ക്കും അജ്ഞാത രോഗമായിരുന്നു‘ - എന്നാണ് സൌമ്യ നിവേദനത്തിൽ എഴുതിയത്.
കഴിഞ്ഞ മാർച്ച് ഏഴിനാണു സൗമ്യയുടെ അമ്മ മരിക്കുന്നത്. മൂന്നു ദിവസം കഴിഞ്ഞ് മാർച്ച് പത്തിന് മുഖ്യമന്ത്രി മരണവീട്ടില്‍ എത്തിയപ്പോഴാണു സൗമ്യ നിവേദനം നല്‍കുന്നത്. വില്ലേജ് ഓഫിസർ രണ്ടുപേർക്ക് അജ്ഞാത രോഗമാണെന്നും അമ്മ മരണപ്പെട്ടെന്നും റിപ്പോർട്ടു നൽകി. തുടർ നടപടികൾ നടന്നുകൊണ്ടിരിക്കെയാണു ക്രൂരകൊലപാതകത്തിന്റെ സത്യം പുറത്തുവരുന്നത്.