ശംഖുമുഖം ബീച്ചില്‍ യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മാടമ്പളളിയിലെ യഥാര്‍ഥ മനോരോഗിയെ കണ്ടു, പോസ്റ്റ്

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 12 ജനുവരി 2020 (12:19 IST)
തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചില്‍ യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാരഗുണ്ടായിസം. ശ്രീലക്ഷ്മി അറയ്ക്കലാണ് തനിക്കും സുഹൃത്തുക്കള്‍ക്കുമുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. ആൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ രാത്രി ഇരുന്ന് സംസാരിച്ചപ്പോൾ കുറച്ചാളുകൾ വന്ന് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി പറയുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഈ സമയത്ത് എന്തിനാണ് ബീച്ചില്‍ പോയതെന്ന് പൊലീസ് ചോദിച്ചെന്നും ശ്രീലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് രാത്രി 9.30 തൊട്ട് ഞാനും രണ്ട് സുഹൃത്തുക്കളും ശംഖുമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്നു.
ഏകദേശം 11.30-11.45 ആയപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും പോരാന്‍ എണീറ്റപ്പോള്‍ രണ്ട് പേര്‍ ഞങ്ങളിരുന്നിടത്തേക്ക് കടന്നു വരികയും ഞങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു.

‘ഈ പാതിരാക്ക് ഇവിടെ മലര്‍ന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ’ എന്നൊക്കെയാണ് അവര്‍ ചോദിച്ചത്.

അതെന്താ ചേട്ടാ ഇത് പബ്ലിക് സ്‌പേസ് അല്ലേ…ഇവിടെ ഇരുന്നാല്‍ എന്താ പ്രശ്‌നം എന്ന് ഞാന്‍ തിരിച്ച് ചോദിച്ചപ്പോള്‍ ‘ഇത് ഞങ്ങളുടെ ഏരിയ ആണ്..ഇവിടെ നിന്ന് നീ ഡയലോഗ് അടിക്കാന്‍ ശ്രമിക്കണ്ട..പോ ‘ എന്നൊക്കെ പറഞ്ഞ് എന്റെ നേരേ ചീറി വന്നു അവര്‍.

അവരെ കണ്ടപ്പോള്‍ കഞ്ചാവ് അടിച്ചപോലെ ഉണ്ടായിരുന്നു.

ഇത് പബ്ലിക്ക് സ്‌പേസാണ് ഇവിടെ ഇരിക്കാന്‍ എനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവരുടെ കൂടെ ഉളള കുറേ ആളുകള്‍ സംഘം ചേര്‍ന്ന് വരികയും അക്രമിക്കുകയും ചെയ്തു.
എന്നെ അക്രമിക്കുന്നത് കണ്ട് കൂടെ ഉളള കിഷോര്‍ വീഡിയോ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ അവനെ കൈയ്യേറ്റം ചെയ്യുകയും കഴുത്തിന് കുത്തിപിടിക്കുകയും ചെയ്തു.

തുടര്‍ന്ന് എന്നെ കേട്ടാല്‍ അറക്കാത്ത തെറി പറയുകയും ചെയ്തു.

സദാചാര ഗുണ്ടായിസം എന്നൊക്കെ കേട്ടിട്ടേ ഉളളൂ..ആദ്യമായി അത് അനുഭവിച്ചു.
അതും തിരുവനന്തപുരത്ത് ഒരു പബ്ലിക് സ്‌പേസായ ശംഖുമുഖം ബീച്ചില്‍ വെച്ച്.

നൈറ്റ് വാക്കിനെ ഒക്കെ പ്രമോട്ട് ചെയ്യുന്ന ഈ സമയത്ത് ഒരു പബ്ലിക് സ്‌പേസില്‍ പോലും സ്ത്രീ സുരക്ഷിത അല്ല.

എന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടി അവിടെ ഒറ്റക്ക് ഈ സമയത്ത് ഇരുന്നിട്ടുണ്ടെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി…?

സംഭവം നടന്നത് 11-45 -12 മണിക്കാണെങ്കിലും കൂട്ടുകാരേ കൂട്ടി ചെന്ന് ഞങ്ങള്‍ കംപ്ലെയിന്റ് കൊടുത്തപ്പോള്‍ സമയം ഒന്നര ആയി.

ഏതായാലും വലിയ തുറ പോലീസ് സ്റ്റേഷനില്‍ കംപ്ലെയിന്റ് കൊടുത്തിട്ടുണ്ട്.

കംപ്ലെയിന്റ് കൊടുക്കാന്‍ പോയപ്പോളാണ് നിങ്ങളന്വേഷിച്ച മാടമ്പളളിയിലെ യഥാര്‍ഥ മനോരോഗി ആരാണെന്ന് ശരിക്കും അറിഞ്ഞത്.

എന്തിനാണ് പതിനൊന്നരക്ക് ബീച്ചില്‍ പോയിരുന്നത്?
അവിടം സുരക്ഷിതമല്ലെന്ന് അറിയില്ലേ ?
എന്റെ കൂടെ സ്റ്റേഷനില്‍ വന്നവരോട് ‘നിങ്ങള്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ഈ സമയത്ത് പുറത്ത് വിടുമോ’?’
11.45 ന് നടന്ന സംഭവത്തില്‍ നിങ്ങള്‍ ഓണ്‍ ദ സ്‌പോട്ട് പരാതി തരാതെ ഇത്ര താമസിച്ച് വന്നത് എന്തുകൊണ്ട്?
ഇപ്പോളാണോ കംപ്ലെയിന്റ് ചെയ്യാന്‍ വരുന്നത്?
ഇങ്ങനെ ഉളള നല്ല അടിപൊളി ക്വസ്റ്റ്യന്‍ ആണ് നേരിട്ടത്.

ഒരു സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവം ചെന്ന് പറയുമ്പോള്‍ അത് അവര്‍ക്കൊരു വിഷയമേ അല്ല.

അവരുടെ ചോദ്യം എന്തിന് കടല്‍ തീരത്ത് ദൂരെ രാത്രിയില്‍ പോയിരുന്നത് എന്നാണ്.

അതില്‍ ഒരു പോലീസ്‌കാരന്‍ ‘ഞാന്‍ ഒരച്ഛനാണ്.എന്റെ മക്കളെ ഞാനൊരിക്കലും രാത്രി ഇങ്ങനെ വിടില്ല’ എന്നൊക്കെ ഉളള ഡയലോഗ് വരെ അടിച്ചു.

എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് 17,18 വയസ്സാണ് പ്രായം. ഈ പ്രായത്തില്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നത് എന്തിന്?
പാരന്‍സിന്റെ പെര്‍മിഷന്‍ ഉണ്ടോ?
ഇങ്ങനെ ഒരായിരം qns അവന്മാരോടും.

അവിടുത്തെ എസ് ഐയില്‍ മാത്രമാണ് എന്റെ പ്രതീക്ഷ.
പരാതി സ്വീകരിച്ച ഉടനെ അദ്ദെഹം ബീച്ചിലാകെ പോയി തിരച്ചില്‍ നടത്തിയിട്ടുണ്ട്.

ഏതായാലും നാളെ ഒമ്പതരയോടുകൂടി സ്റ്റേഷനിലേക്ക് പോകണം.

ഈ വീഡിയോയില്‍ കാണുന്ന ചുവന്ന ഷര്‍ട്ടിട്ട ആളാണ് ആദ്യം പ്രശ്‌നങ്ങള്‍ തുടങ്ങി വെച്ചത്.

എല്ലാം കഴിയുമ്പോള്‍ എന്റെ ചോദ്യം ഇതാണ്.
ഇവിടെ എന്തിനാണ് പോലീസ്?
ബീച്ച് രാത്രി സുരക്ഷിതമല്ല എന്ന് ഉപദേശിക്കാനോ
അതോ കഞ്ചാവ് അടിച്ച് ബാക്കിയുളളവരെ ഉപദ്രവിക്കുന്ന ആളിനെ കണ്ട് പിടിക്കാനോ?

ഏതായാലും ഇനി ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു.
ക്രൂരമായി ബലാല്‍സംഘത്തിന് ഇരയായാല്‍ പോലും പോലീസ് സ്റ്റേഷനില്‍ കംപ്ലെയിന്റ് കൊടുക്കാന്‍ പോകില്ല.

വനിതാ സൗഹൃദ പോലീസ് സ്റ്റേഷന്‍ വെറും തേങ്ങയാണ്.

നൈറ്റ് വാക്ക് ഒക്കെ ഓര്‍ഗനൈസ് ചെയ്ത ആള്‍ക്കാര്‍ ഒക്കെ ഇതുകൂടി ഒന്ന് നോട്ട് ചെയ്യുമല്ലോ അല്ലേ..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :