കെവിന്റെ ശരീരത്തിലുള്ള 16 മുറിവുകൾ എങ്ങനെയുണ്ടായി?

ബോധംകെട്ട കെവിനെ ഷാനുവും സംഘവും പുഴയിൽ ഉപേക്ഷിക്കുകയായിരുന്നോ?

അപർണ| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (09:49 IST)
കേരളത്തെ ഞെട്ടിച്ച മരണമായിരുന്നു കെവിന്റേത്. കെവിന്റെ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതിനായി പൊലീസ് സർജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കും.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന ആരോഗ്യ വകുപ്പു മെഡിക്കൽ ബോർഡ് യോഗത്തിലാണ് ഈ തീരുമാനം. കെവിന്റെ ശരീരത്തിൽ 16 മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ടെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

ഈ ക്ഷതങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാഹചര്യം കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടോയെന്നു കണ്ടെത്തുകയാണ് സ്ഥലപരിശോധനയുടെ ഉദ്ദേശ്യം. തട്ടിക്കൊണ്ട് പോയ ഗുണ്ടാസംഘത്തിൽ നിന്നും രക്ഷപെട്ടോടുകയായിരുന്നുവെന്നാണ് പൊലീസ് റെക്കോർഡ്.

എന്നാൽ രക്ഷപ്പെടാനുള്ള ഇരുട്ടിലൂടെയുള്ള ഓട്ടത്തിൽ പുഴയിൽ ചാടിയ കെവിൻ മരിച്ചതാണോ അതോ ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി പുഴയിൽ തള്ളിയതാണോ എന്നും സംശയമുണ്ട്.

തെന്മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയവിവാഹത്തിന്റെ പേരിലാണ് നീനുവിന്റെ ബന്ധുക്കൾ കെവിനെ തട്ടിക്കൊണ്ട് പോയത്. ഏറെ അന്വേഷണത്തിന് ശേഷം പിറ്റേന്ന് കെവിന്റെ മൃതദേഹമാണ് ചാലിയക്കരയിൽ പുഴയിൽ കണ്ടെത്തിയത്. ‌




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :