‘പ്രധാന പ്രതികളുടെ രാഷ്ട്രീയം മാധ്യമങ്ങൾ മൂടിവെച്ചു, നീനുവിന് എവിടെ നിന്നും പിന്തുണ ലഭിച്ചില്ല’- തോമസ് ഐസക്

എല്ലാവരും മുഖ്യമന്ത്രിയുടെ നെഞ്ചത്തേക്ക്, ഷാനു ചാക്കോ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ!

അപർണ| Last Modified ബുധന്‍, 30 മെയ് 2018 (13:27 IST)
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കെവിനും നീനുവിനുമുണ്ടായ ദുരന്തം ഓരോരുത്തരും സ്വയം വിമർശനത്തിന് തയ്യാറാകേണ്ടതാണെന്നും തോമസ് ഐസക് പറയുന്നു.

തോമസ് ഐസകിന്റെ ഫെസ്ബുക്ക് പോസ്റ്റ്:

ആഴത്തിലുള്ള സ്വയം വിമര്‍ശനത്തിന് നാമോരുരുത്തരെയും പ്രേരിപ്പിക്കേണ്ടതാണ് കെവിനും നീനുവിനുമുണ്ടായ ദുരന്തം. അതില്‍ ഒരു സംശയവും എനിക്കില്ല. എന്നാല്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിയ്ക്കു നിരക്കുന്നതല്ല.

കെവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താതിരിക്കുന്നതിന് ആ എസ്ഐ പറഞ്ഞ ഏറ്റവും ദുര്‍ബലമായ ഒരൊഴിവുകഴിവാണ് മുഖ്യമന്ത്രിയുടെ പരിപാടി. പരാതി ലഭിച്ചത് അതിരാവിലെ. മുഖ്യമന്ത്രിയുടെ പരിപാടി വൈകുന്നേരം. ആ പരാതിയിന്മേല്‍ അയാള്‍ക്ക് എന്തൊക്കെ അന്വേഷണം നടത്താമായിരുന്നു? തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍ അയല്‍ സ്റ്റേഷനിലേയ്ക്ക് വയര്‍ലെസ് മെസേജു കൊടുക്കാം, പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേറ്റു ചെയ്യാം. ഇങ്ങനെ എത്രയോ കാര്യങ്ങള്‍. ഇതൊന്നും ചെയ്യുന്നതിന് വൈകുന്നേരം നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിലെ ഡ്യൂട്ടി ഒരു തടസമേയല്ല.

പ്രതികളെ സഹായിക്കാന്‍ എസ്ഐ കണ്ടെത്തിയ ഒഴിവുകഴിവു മാത്രമായിരുന്നു അതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ആ പരിപാടി ഇല്ലായിരുന്നെങ്കില്‍ മറ്റൊരു കാരണം അയാള്‍ കണ്ടെത്തുമായിരുന്നു എന്നതില്‍ ആര്‍ക്കാണ് സംശയം?എന്നാല്‍ എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം മുഖ്യമന്ത്രിയെ അടിയ്ക്കാനുള്ള വടിയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അത് അനീതിയാണ്. മാത്രമല്ല, പാര്‍ടി സെക്രട്ടറിയെന്ന നിലയില്‍ ഒന്നര ദശകത്തോളം മാധ്യമങ്ങള്‍ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയുമാണ്. അന്നത്തെ അപവാദങ്ങളുടയെും ഉപജാപത്തിന്റെയും കഥകള്‍ ഓര്‍മ്മയുള്ളവര്‍ക്കൊന്നും മാധ്യമങ്ങളുടെ ഈ അജണ്ടയ്ക്കു കീഴടങ്ങാനാവില്ല. പ്രധാനപ്രതികളുടെ രാഷ്ട്രീയബന്ധം മറച്ചുവെച്ച് ഡിവൈഎഫ്ഐയ്ക്കെതിരെ നടത്തിയ പ്രചരണവും ഇതിന്റെ ഭാഗമായിത്തന്നെയാണ് കാണേണ്ടത്. അക്കാര്യം ഡിവൈഎഫ്ഐ തുറന്നു കാണിക്കുകയും ചെയ്തു.

ഇതില്‍ നാം നടത്തേണ്ട ആത്മവിമര്‍ശനമെന്താണ്? കെവിനും നീനുവിന്റെയും പ്രണയസാഫല്യം ഡിവൈഎഫ്ഐയുടെ കാര്‍മ്മികത്വത്തിലാണ് നടന്നത്. ആ പ്രണയത്തിന്റെ പേരില്‍ അവര്‍ വേട്ടയാടപ്പെട്ടപ്പോള്‍ അക്കാര്യം സ്റ്റേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നീതി തേടാനും ഒപ്പമുണ്ടായിരുന്നത് പാര്‍ടി ഏരിയാ സെക്രട്ടറി അടക്കമുള്ളവരാണ്. സജീവമായി അവര്‍ കെവിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു എന്ന് ആ കുടുംബം ഒന്നടങ്കം സമ്മതിക്കുന്നു.

എന്നിട്ടും കെവിന്‍ ഇന്ന് ജീവിച്ചിരിപ്പിച്ചില്ല. നീനുവിനോടൊപ്പം ഒരു ദിവസം പോലും കഴിയാന്‍ കെവിനു കഴിഞ്ഞില്ല. പാ‍ര്‍ടിയും ഡിവൈഎഫ്ഐയും കൂടെയുണ്ടായിരുന്നിട്ടും, പാര്‍ടി നേതാക്കളായ ഞങ്ങളൊക്കെ ഭരണനേതൃത്വത്തിലുണ്ടായിട്ടും, ആ ചെറുപ്പക്കാരന് ഭരണസംവിധാനത്തില്‍ നിന്ന് ന്യായമായും കിട്ടേണ്ട സുരക്ഷ ലഭിച്ചില്ലെന്നു മാത്രമല്ല, ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നീനുവിനു ലഭിച്ചതോ? പേക്കിനാവുകള്‍ നിറഞ്ഞ ശിഷ്ടജീവിതവും തീരാത്ത കണ്ണുനീരും. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും.

നീനുവിന്റെ മാതാപിതാക്കളും സഹോദരനും മിശ്രവിവാഹിതരാണ്. പ്രണയത്തില്‍ ആ പാരമ്പര്യമാണ് നീനു പിന്തുടര്‍ന്നത്. ദൗര്‍ഭാഗ്യവശാല്‍ സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭരണസംവിധാനത്തില്‍ നിന്നും അവള്‍ക്കു പിന്തുണ ലഭിച്ചില്ല. ആ പെണ്‍കുട്ടിയ്ക്കു മുന്നില്‍ അപമാനഭാരത്താല്‍ നമ്മിലോരോരുത്തരുടെയും തല കുനിയണം. നവോത്ഥാനകേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് ആ കണ്ണുനീര്‍. ജാതിയ്ക്കും മതത്തിനുമതീതമായി ജീവിക്കാനെടുത്ത തീരുമാനത്തിന്റെ രക്തസാക്ഷികളാണിരുവരും. സവര്‍ണമനോഭാവമാണ് ഈ വധശിക്ഷ നടപ്പിലാക്കിയത്. അതിനു പോലീസില്‍ നിന്ന് ലഭിച്ച ഒത്താശ ന‍ല്‍കുന്ന സൂചന അപകടകരം തന്നെയാണ്. ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവം ആരും ഒട്ടും കുറച്ചു കാണുന്നില്ല. കാണാന്‍ പാടില്ല.

ഇക്കാര്യങ്ങളൊക്കെ സ്വയം വിമര്‍ശനപരമായി പരിശോധിക്കപ്പെടും. കേരളത്തിലെ കൊടിയ അപമാനത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തിയ പോലീസുകാര്‍ക്കെതിരെ ഒരു നിമിഷം വൈകാതെ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയും ഇക്കഴിഞ്ഞ ദിവസം കെവിന്റെ വീടു സന്ദര്‍ശിച്ച പാര്‍ടി സെക്രട്ടറിയും ആ സന്ദേശം തന്നെയാണ് സമൂഹത്തിനു നല്‍കുന്നത്?...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :