ശ്രീനഗർ|
Rijisha M.|
Last Modified വ്യാഴം, 19 ജൂലൈ 2018 (10:57 IST)
കഠ്‍വ സംഭവത്തിലെ പ്രതികൾക്കു വേണ്ടി ഹാജരായ
അഭിഭാഷകൻ ഇനി സര്‍ക്കാരിന്റെ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ. എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതികളായ ചിലർക്കു വേണ്ടി ഹാജരായ അസീം സാവ്നിയെ അഡീഷനൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചുകൊണ്ടു ചൊവ്വാഴ്ചയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
മുപ്പത്തിയൊന്ന് അഭിഭാഷകരെയാണ് വിവിധ ചുമതലകളിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇതിൽ 15 പേർക്ക് ഹൈക്കോടതിയുടെ കശ്മീർ ശാഖയിലേക്കും 16 പേർക്ക് ജമ്മു ശാഖയിലേക്കുമാണു നിയമനം. ജമ്മു ശാഖയിലേക്കുള്ള 16 പേരുടെ കൂട്ടത്തിലാണ് അസീം സാവ്നിയുടെയും പേരുള്ളത്.
സംഭവം നീതിന്യായ വ്യവസ്ഥയുടെ ഞെട്ടിക്കുന്ന ഘനമാണെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ പ്രതികരിച്ചു. വിഷയത്തില്‍ ഗവർണര്‍ എൻ.എൻ. വോറ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. നിയമനത്തിൽ പ്രതിഷേധിച്ചു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും വിചാരണയിലാണ് ശ്രദ്ധയെന്നും കഠ്‍വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത് പറഞ്ഞു.