Rijisha M.|
Last Updated:
ശനി, 7 ജൂലൈ 2018 (09:20 IST)
കരിന്തണ്ടനെക്കുറിച്ചുള്ള ചർച്ചയാണ് എല്ലായിടത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സംവിധായക
ലീല കരിന്തണ്ടൻ എന്ന ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. എന്നാൽ അതിനെതിരെ ആരോപണവുമായി മാമാങ്കത്തിന്റെ സഹസംവിധായകൻ ജി കെ
ഗോപകുമാർ എത്തിയിരുന്നു. ഇത് വിവാദത്തിലേക്ക് വഴിതെളിക്കുകയും ചെയ്‌തു.
എന്നാൽ ഇതിൽ അഭിപ്രായവുമായി നടൻ
വിനായകൻ രംഗത്തെത്തിയിരിക്കുകയാണ്. 'പലർക്കും കരിന്തണ്ടനെ അവകാശപ്പെടാം, എന്നാൽ താൻ ലീലയ്‌ക്കൊപ്പമാണ്'. മനോരമയുമായുള്ള അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘രാജീവ് രവിയാണ് ലീലയെ കുറിച്ച് ആദ്യം എന്നോട് പറയുന്നത്, കരിന്തണ്ടന്‍ എന്നൊരു പ്രോജക്ട് അവര്‍ ചെയ്യാനുദ്ദേശിക്കുന്നതായും അവരുമായി ഒന്ന് സംസാരിക്കാനുമാണ് രാജീവ് രവി എന്നോട് പറഞ്ഞത്. കമ്മട്ടിപ്പാടത്തിന് മുമ്പേ ഇങ്ങനെയൊരു പ്രോജക്ടിനെപ്പറ്റി അറിയുകയും ആ പ്രോജക്ട് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തിരുന്നു.
'വെറുതേ നടനാകാൻ വേണ്ടി മാത്രം വന്നയാളല്ല ഞാൻ. സൂപ്പര്‍ ഹീറോ ആകാൻ വേണ്ടിത്തന്നെ വന്നതായിരുന്നു. സൂപ്പർ ഹീറോ ആകാൻ പറ്റിയ കഥാപാത്രങ്ങൾ കേരളത്തിൽ എവിടെയൊക്കെ ഉണ്ടെന്നുവരെ ഞാൻ അന്വേഷിച്ചു. എന്റെ തൊലിയുടെ നിറത്തിനനുയോജ്യമായ കഥാപാത്രം തിരഞ്ഞ് നടക്കുമ്പോഴാണ് കരിന്തണ്ടനെപ്പട്ടി അറിയുന്നത്. ലീല എന്ന നട്ടെല്ലുള്ള സ്‌ത്രീയെ പരിചയപ്പെട്ടതിന് ശേഷം, എന്റെ കഥാപാത്രം എന്നത് രണ്ടാമത്തെ കാര്യമായി മാറി.
ആര്‍ക്കും എന്തുവേണമെങ്കിലും പറയാം. കാരണം മഹാബലി ഒന്നേയുള്ളു എങ്കിലും അദ്ദേഹം എല്ലാവരുടെയുമാണ്. അതുപോലെ കരിന്തണ്ടന്റെ കഥ ഓരോരുത്തര്‍ക്കും ഓരോന്നാണ് പക്ഷെ, എന്റെ കരിന്തണ്ടന്‍ ഇതാണ്. ലീലയ്‌ക്കൊപ്പമാണ്. അതില്‍ ഞാന്‍ പൂര്‍ണമായും ലീലയ്‌ക്കൊപ്പം നില്‍ക്കുന്നു.’ വിനായകന്‍ പറഞ്ഞു. കരിന്തണ്ടൻ എന്ന പേരുമായി ചിത്രം മുന്നോട്ടു പോകുകയാണെങ്കിൽ നിയമപരമായിത്തന്നെ അതിനെ നേരിടുമെന്ന് ഗോപകുമാർ പറഞ്ഞിരുന്നു.