കൊച്ചി|
Rijisha M.|
Last Modified വെള്ളി, 13 ജൂലൈ 2018 (14:30 IST)
നടൻ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമൽഹാസനും. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ ‘അമ്മ’യിലേക്കു തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് താരം വ്യക്തമാക്കി. സിനിമയിലെ വനിതാ കൂട്ടായ്മ ഉയര്‍ത്തുന്ന നിലപാടുകളെ താൻ പിന്തുണയ്ക്കുന്നുണ്ടെന്നും കമല്‍ വ്യക്തമാക്കി. മനോരമ ന്യൂസ് കോൺക്ലേവിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നുണ്ട്, സത്യത്തിൽ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളിൽ സെൻസർഷിപ്പുണ്ട്. സർട്ടിഫിക്കറ്റ് മതി, കട്ടുകൾ വേണ്ട സിനിമയിൽ എന്നു ശ്യാം ബെനഗൽ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിർമാതാക്കൾക്ക് നിർദ്ദേശം നല്‍കാനാണ് സെൻസർഷിപ്പിനു താൽപര്യം. പക്ഷേ അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാൽ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തിൽ. ഇതു കുട്ടികൾക്ക് അല്ലെങ്കില്‍ മുതിർന്നവർക്ക് എന്ന സർട്ടിഫിക്കറ്റ് മതി. കട്ടുകൾ വേണ്ട എന്നും കമൽ ഹാസൻ വ്യക്തമാക്കി.
ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണു താൻ. രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിലാണു ജനാധിപത്യ സര്‍ക്കാരിന്റെ അടിത്തറ. ജനങ്ങള്‍ തന്നെ നല്ല നടന്മാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമൽ പറഞ്ഞു.