‘ഞാൻ മാത്രമാണെന്ന് കരുതി സങ്കടപ്പെട്ടു, 19 പേരും തോൽക്കാൻ പോവുകയാണല്ലോ എന്നറിഞ്ഞപ്പോൾ സമാധാനമായി’- കനൽ ഒരു തരി ആയതിനെ കുറിച്ച് ഇന്നസെന്റ്

Last Modified ശനി, 29 ജൂണ്‍ 2019 (14:57 IST)
ഈ കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയമായിരുന്നു കേരളത്തിൽ ഇടതു മുന്നണിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ചാലക്കുടിയിൽ മത്സരിച്ച ഇന്നസെന്റിന്റെ അവസ്ഥയും അങ്ങനെ തന്നെ. കഴിഞ്ഞ തവണ സ്വതന്ത്ര്യനായി നിന്ന ഇന്നസെന്റ് ഇത്തവണ ചുവന്ന കൊടിക്ക് കീഴെയായിരുന്നു സ്ഥാനമുറപ്പിച്ചത്. എന്നിട്ടും ചാലക്കുടി ഇന്നസെന്റിനേയും കൈവിട്ടു. ഇപ്പോഴിതാ, തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വിയും മാനസിക വിഷമവും സരസമായ പ്രസംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് താരം.

തോറ്റു കഴിഞ്ഞപ്പോല്‍ ഒരാളും എന്നെ വിളിക്കാറില്ലെന്നും പത്തൊന്‍പതുപേരും തോറ്റല്ലോ എന്നോര്‍ത്തപ്പോള്‍ താന്‍ സന്തോഷിച്ചുവെന്നും ആരിഫ് കൂടി തോറ്റാല്‍ നന്നായെന്നാണ് ചിന്തിച്ചതെന്നും തമാശരൂപേണ ഇന്നസെന്റ് പറഞ്ഞു. വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് ഇന്നസെന്റിന്റെ രസികന്‍ പ്രസംഗം.

‘എന്റെ വീട്ടില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയര്‍മാന്‍ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എന്റെ മുകളിലായി. അപ്പോള്‍ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയര്‍മാന്‍ എന്നോടുപറഞ്ഞു, ‘പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല.’ പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാന്‍ താഴേക്ക് വന്നു.’

‘എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാന്‍ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര് മുതല്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോല്‍ക്കാന്‍ പോകുകയാണല്ലോ എന്നായി മനസ്സില്‍. അങ്ങനെ ഓര്‍ത്തപ്പോള്‍ ഒരു ചെറിയ സന്തോഷം.’

‘അങ്ങനെ ഇരുപത് സീറ്റില്‍ പത്തൊന്‍പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാര്‍ഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാര്‍ട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോല്‍ക്കുകയാണെങ്കില്‍ എന്നാണ് ഞാന്‍ ആ സമയത്ത് വിചാരിച്ചത്.’ മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നതെന്ന് സൂചിപ്പിച്ച് ഇന്നസെന്റ് പറഞ്ഞു. തോറ്റുകഴിഞ്ഞപ്പോള്‍ ഒരാളും തന്നെ വിളിക്കാറില്ലെന്നും അല്ലെങ്കില്‍ ഫോണില്‍ ഭയങ്കര വിളികളായിരുന്നെന്നും ഒരു സംഭവത്തിന്റെ അകമ്പടിയോടെ ഇന്നസെന്റ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :