'നിപയുടെ സമയത്ത് ലീവ് എടുത്ത് വീട്ടില്‍ പോയാലോന്ന് ആലോചിച്ചവരുണ്ട്, ഈ മലാഖ വിളി ഒന്ന് നിർത്തുമോ?‘- വൈറലായി നഴ്‌സിന്റെ കുറിപ്പ്

Last Modified വ്യാഴം, 30 മെയ് 2019 (13:16 IST)
നഴ്സുമാരെ മാലാഖമാർ എന്ന് അഭിസംബോധന ചെയ്യുന്ന കാലമാണിത്. അവരുടെ സഹനത്തിന്റേയും കാരുണ്യത്തിന്റേയും ആത്മാർത്ഥത തിരിച്ചറിഞ്ഞ് തന്നെയാണ് സമൂഹം അവരെ ‘മാലാഖ’ എന്ന് വിളിക്കുന്നത്. എന്നാൽ, നഴ്‌സുമാരെ മാലാഖമാരെന്ന് വിശേഷിപ്പിക്കുന്നതിലൂടെ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണെന്ന് പറഞ്ഞ് നഴ്‌സിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

അയര്‍ലന്റില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന രന്യ ദാസിന്റേതാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. രോഗബാധയേറ്റ് മരിച്ച് ലിനിയുടെ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത് വിളിയായിരുന്നു.മാലാഖ എന്ന് വിളിക്കുന്നതിനു പകരം പ്രൊഫഷണല്‍സ് എന്ന് പറയണമെന്നാണ് എന്റെ ആഗ്രഹമെന്നും രന്യ കുറിപ്പില്‍ പറയുന്നു. ചര്‍ച്ചയ്ക്കായി പൊങ്ങി വരേണ്ട വേതനക്കുറവ്, തൊഴിലിടത്തിലെ സുരക്ഷ , മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങിയവ ആ വിളിയില്‍ മാഞ്ഞില്ലാതാവുന്നുവെന്നും രന്യ പോസ്റ്റില്‍ ചൂണ്ടികാണിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

നിപ രോഗബാധയേറ്റ് മരിച്ച സ്റ്റാഫ് നേഴ്സ് ലിനിയുടെ ഒന്നാം ചരമവാര്‍ഷിക വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടു. ലിനിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത് മാലാഖവിളിയായിരുന്നു. അവര്‍ സഹനത്തിന്റെ സ്വയം സമര്‍പ്പണത്തിന്റെ മാലാഖ എന്നൊക്കെ കുറേ കേട്ടു. നിപ കാലത്ത് മെഡിക്കല്‍ കോളജില്‍ എന്റെ അടുത്ത സുഹൃത്ത് നഴ്സായി ജോലി ചെയ്തിരുന്നു. ഫോണ്‍ വിളിക്കുമ്പോ അവള് പറയും, പേടി ആയിട്ട് പാടില്ല, ലീവ് എടുത്ത് വീട്ടില്‍ പോയാലോന്ന് ആലോചിക്കുന്നു, പക്ഷെ അതു ശരിയല്ലല്ലോന്ന്.

ശരിയാണ്. അങ്ങനെ ചെയ്യുന്നതില്‍ ഒരു ശരികേടുണ്ട്. ആ ശരികേടിനെ കുറിച്ച് വ്യക്തമായി ബോധ്യമുള്ളതിനാലാവണം ലിനി അടക്കമുള്ള ജോലിക്കാര്‍ മരണഭീതിയെ ഒരറ്റത്തേക്ക് മാറ്റി വെച്ച് പണിയെടുത്തത്. അങ്ങനെയിരിക്കെ സമൂഹം ഒന്നടങ്കം നഴ്സുമാരെ മാലാഖമാരാക്കുന്നു. ചര്‍ച്ചയ്ക്കായി പൊങ്ങി വരേണ്ട വേതനക്കുറവ്, തൊഴിലിടത്തിലെ സുരക്ഷ , മറ്റ് പ്രശ്നങ്ങള്‍ തുടങ്ങിയവ ആ വിളിയില്‍ മാഞ്ഞില്ലാതാവുന്നു.

ആ വാക്കിനോട് എനിക്കെല്ലാ കാലവും സംശയവും അനാദരവുമേ തോന്നിയിട്ടുള്ളു. മഹത്വപ്പെടുത്തി മൂലയ്ക്കാക്കുക എന്നൊരു കുഴി അതിനുളളിലുണ്ട്. നമ്മള്‍ അമ്മമാരെ മഹാന്‍മാരാക്കുന്ന കണക്ക്. അമ്മയെന്നാല്‍ സര്‍വംസഹയാണ്, മാതൃത്വം പരിപാവനമാണ് എന്നൊക്കെ മഹത്വപ്പെടുത്തി അമ്മമാരുടെ പ്രശ്നങ്ങളെ, വേദനകളെയൊക്കെ സാമാന്യവല്‍ക്കരിക്കുന്ന ആ തന്ത്രം മാലാഖ വിളിയിലുമുണ്ട്. നിങ്ങള്‍ ഒരു പക്ഷെ ആത്മാര്‍ഥമായാണ് ബഹുമാനത്തോടെയാണ് അത് പറയുന്നതെങ്കില്‍ Professionals എന്ന് പറയണമെന്നാണ് എന്റെ ആഗ്രഹം.
കാരണങ്ങളുണ്ട്.

1. നഴ്‌സ് എന്നാല്‍ കരുണയുടെ മറ്റൊരു പേരാണ്, സഹനത്തിന്റെ പ്രതീകമാണ് എന്നൊക്കെയുള്ള പൊതുബോധം വളരെ അബദ്ധമാണ്. നഴ്‌സിംഗ് പഠിക്കുമ്പോള്‍ professional ethics ല്‍ നമ്മള്‍ പഠിക്കുന്ന ഒരു കാര്യമാണ് being empathetic to your patients എന്നത്. നിങ്ങളുടെ മുന്‍പില്‍ വരുന്ന രോഗിയോട് അവന്റെ പ്രശ്‌നങ്ങളെ നമ്മുടെ കൂടെ പ്രശ്‌നങ്ങളായി കണ്ട് ജോലി ചെയ്യുക എന്നത് ജോലി നഴ്‌സുമാരോട് ആവശ്യപ്പെടുന്ന ഒന്നാണ്. പൊട്ടിത്തെറിക്കുന്ന, നിരന്തരം വിളിച്ച് ബുദ്ധിമുട്ടിക്കുന്ന, മേശപ്പുറം വൃത്തിയാക്കാനും ബെഡ്ഷീറ്റ് മടക്കിവയ്ക്കാനും ആജ്ഞാപിക്കുന്ന രോഗികള്‍ അടക്കമുള്ളവരോട് ഒരു ചെറു ചിരിയോടെ മറുപടി പറയുന്നുവെങ്കില്‍ അതിനെ professionalism എന്നാണ് വിളിക്കേണ്ടത്. നൂറു കൂട്ടം തിരക്കുകള്‍ക്കിടയില്‍ ഉള്ളില് ചീത്ത വിളിച്ചോണ്ട് പുറമെ ചിരിച്ചു നിന്നിട്ടുണ്ട്. അത് ആശുപത്രി ജീവിതം ഒരാളെ അസ്വസ്ഥനാക്കുമെന്നും രോഗം വരുത്തി വയ്ക്കുന്ന സമ്മര്‍ദങ്ങളാവാം അതിനു കാരണമെന്നുള്ള സാമാന്യബോധം ഉള്ളിലുള്ളത് കൊണ്ടാണ്. ഇനി അതല്ലെങ്കില്‍ കൂടി അത്തരം രോഗികളെ സംയമനത്തോടെ കൈകാര്യം ചെയ്യാനാണ് profession പറയുന്നത്. അതിനാണ് ശമ്പളം കിട്ടുന്നത്.

2. ഒരു നഴ്‌സ് എന്ന നിലയില്‍ ജോലി, മരണത്തെയും വേദനകളെയും നിസംഗതയോടെ കാണാനാണ് എന്നെ പഠിപ്പിച്ചത്. ഒരു രോഗി മരിയ്ക്കുമ്പോള്‍ അയാള്‍ നൂറു കണക്കിന് ആളുകള്‍ക്കിടയില്‍ ഒരാളാണെന്ന് ഞാന്‍ ചിന്തിക്കുന്നു. അയാളെ മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം റൂം വൃത്തിയാക്കി അടുത്ത രോഗിയെ സ്വീകരിക്കാന്‍ തയ്യാറാവുന്നു. മരണശേഷമുള്ള പ്രാഥമിക കാര്യങ്ങള്‍ ചെയ്ത് ബന്ധുക്കളെ ആശ്വസിപ്പിച്ച് തിരികെ വന്ന് ബ്രെയ്ക്കിനു പോകുമ്പോള്‍ എനിക്ക് എന്റെ ലോകത്തേക്ക് മടങ്ങിപ്പോകാന്‍ പറ്റുന്നു. അത്തരമൊരു നിസംഗത ഭൂരിഭാഗം നഴ്‌സുമാരിലും ഈ ജോലി ഉണ്ടാക്കി കൊടുക്കുന്നുണ്ട്. നിങ്ങളുടെ രോഗിയുടെ വേദനയും മരണവും ഒരു പരിധിയ്ക്കപ്പുറം നിങ്ങളുടെ ഉള്ളുലയ്ക്കാതാവുന്നു. അങ്ങനെ ഉലയ്ക്കുകയുമരുത് എന്നാണ് profession ആവശ്യപ്പെടുന്നത്.

3. Nursing is always a risky business. പലതരം രോഗങ്ങള്‍ക്കിടയിലൂടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ശ്രദ്ധിക്കാതെ തെന്നിമാറി കൊള്ളുന്ന സൂചി നിങ്ങളെ മാറാ രോഗിയാക്കിയേക്കാം. പകര്‍ച്ചവ്യാധികളുമായി എത്തുന്ന രോഗികളെ പരിചരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എത്ര protective measures എടുത്താലും രോഗം കിട്ടാനുള്ള ഒരു ശതമാനം സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണ് നില്‍ക്കുന്നത്. അത്തരം വെല്ലുവിളികള്‍ അറിഞ്ഞുതന്നെയാണ് പ്രൊഫഷന്‍ ഇതു മതിയെന്ന് തീരുമാനിച്ച് ജോലിക്കെത്തുന്നതും. അപ്പോ തിരിച്ച് സ്ഥാപനത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് എടുക്കുന്ന റിസ്‌കിന് അനുസരിച്ചുള്ള വേതനവും അംഗീകാരവുമാണ്. കിട്ടുന്നത് ഒരു ചിലവുമില്ലാത്ത മാലാഖ വിളിയും.

ലിനിയെപ്പോലെ ഉള്‍ഭയം ജോലിക്ക് തടസമാകരുതെന്ന് കരുതി ആത്മാര്‍ഥമായി പണിയെടുക്കുന്നവരെ, educated ആയ well able ആയ പ്രൊഫഷണലുകള്‍ എന്ന രീതിയില്‍ ബഹുമാനിക്കയും അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യണമെന്ന് ആശിക്കുന്നു.

ഈ മഹത്വപ്പെടുത്തലൊക്കെ മാറ്റി വച്ച്, മനുഷ്യര്‍ അവര്‍ക്ക് ഉത്തരവാദിത്തപ്പെട്ട ജോലികള്‍ വെടിപ്പായി ചെയ്യുമ്പോള്‍ അംഗീകരിക്കാനും ആദരിക്കാനും ന്യായമായ ശമ്പളം ഉറപ്പാക്കാനും സമൂഹം വളര്‍ന്നില്ലെങ്കില്‍ നഴ്‌സുമാരിനിയും occasional മാലാഖമാരായി തഴയപ്പെട്ടു കൊണ്ടേയിരിക്കും.

( Note from, അര്‍ഹിക്കുന്ന ബഹുമാനവും ശമ്പളവും കിട്ടുന്ന ഒരു തൊഴിലിടത്തിലേ നിലനില്‍പ്പുള്ളു എന്ന തിരിച്ചറിവില്‍ നാടുവിട്ട not a മാലാഖ നഴ്‌സ് )



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :