‘മമ്മൂട്ടിയെ ഒന്ന് കാണണം’ - അപ്പുണ്ണിയെ പോലെ ജീവിതം തിരിച്ച് കിട്ടിയ ആയിരങ്ങളുണ്ട്

‘ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ 630 കുഞ്ഞുങ്ങൾ, ബൈപാസ് സർജറി കഴിഞ്ഞ 160 ആളുകള്‍‘- മമ്മൂട്ടിയെന്ന മനുഷ്യ സ്നേഹിയുടെ കരസ്‌പർശം

അപർണ| Last Modified ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (10:43 IST)
പൊന്നാനി കടവനാട്ടെ കയര്‍തൊഴിലാളിയായിരുന്ന അപ്പുണ്ണിക്ക് നടൻ മമ്മൂട്ടിയെ കാണാൻ ആഗ്രഹമുണ്ടെന്ന്
പ്രമുഖ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ കെ.ആര്‍ സുനിൽ തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരവസരം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് മമ്മൂട്ടിയെ കാണാൻ സൌകര്യം ഒരുക്കി നൽകുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർ നാഷനൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് വ്യക്തമാക്കി.

മമ്മൂട്ടിയെന്ന നടനെയല്ല മറിച്ച് മമ്മൂട്ടിയെന്ന മനുഷ്യനെ കാണാനാണ് അപ്പുണ്ണിയുടെ ആഗ്രഹം. തന്റെ ജീവിതം ഇന്നും തുടരുന്നതിന് കാരണമായ മനുഷ്യൻ എന്ന നിലയിലാണ് മമ്മൂട്ടിയെ കാണാൻ അപ്പുണ്ണി ആഗ്രഹിച്ചത്. മമ്മൂട്ടിയുടെ സഹായത്തോടെ ബൈപാസ് സർജറി കഴിഞ്ഞ വ്യക്തിയാണ് അപ്പുണ്ണി. എന്നാൽ, ഇതേ ആവശ്യം ഉന്നയിക്കുന്ന ആയിരങ്ങളാണുള്ളതെന്ന് റോബേർട്ട് വ്യക്തമാക്കുന്നു.

റോബേർട്ട് കുര്യാക്കോസിന്റെ വാക്കുകൾ:

പ്രിയപ്പെട്ടവരെ, അപ്പുണ്ണിക്ക്‌ മമ്മൂക്കയെ കാണാൻ അവസരം ഉണ്ടാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ ഇൻബോക്സിൽ വരുന്നുണ്ട്. ഒരു സാഹചര്യം ഉണ്ടായാൽ അത് സാധ്യമാക്കാൻ ഒരുപാട് സന്തോഷമുണ്ട്.

പക്ഷെ ഒറ്റ കാര്യം, ഇതേ ആവശ്യം ഉന്നയിക്കുന്ന ബൈപാസ് സർജറി കഴിഞ്ഞ 160 ആളുകള്‍ ഉണ്ട്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ അറുനൂറ്റി മുപ്പതോളം കുഞ്ഞുങ്ങൾ ഉണ്ട്, അവരുടെ രക്ഷ കർത്താക്കളും. വൃക്ക മാറ്റിവയ്ക്കൽ നടത്തിയ നാല്പത് പേരും അവരുടെ കുടുംബങ്ങളും. പൊള്ളലേറ്റു വിറങ്ങലിച്ച ലോകത്തു നിന്നും തിരികെ വന്ന നൂറുകണക്കിന് ആളുകൾ, നേത്ര ശസ്ത്രക്രിയ കഴിഞ്ഞു ലോകത്തിന്റെ വെളിച്ചം കാണുന്ന ആയിരങ്ങളും....

ഇതെല്ലാം മമ്മൂട്ടി എന്ന ആ മനുഷ്യന്റെ ഒറ്റ ഇടപെടൽ ആണ്. അദ്ദേഹം പഠിപ്പിച്ച അനാഥ ബാല്യങ്ങളുടെ കണക്കോ, വിവിധ തരത്തിലുള്ള ചികിത്സ സഹായം ലഭ്യമാക്കിയ ആദിവാസി സഹോദരങ്ങളുടെ കണക്കോ ഞാൻ പറയുന്നില്ല.. എന്നിട്ടും ഇത്രയും പൊടുന്നനെ ഓർമ്മയിൽ വരുന്നു. ഇവരെയൊക്കെ നേരിൽ കാണാൻ അദ്ദേഹത്തിനും സന്തോഷമേ കാണൂ. എവിടെയെങ്കിലും വച്ച് എന്നെങ്കിലും ഇവരുടെയൊക്കെ ആഗ്രഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :