അപർണ|
Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (07:42 IST)
താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്നലെ കൂടി. യോഗത്തിൽ നേരത്തെ സംഘടനയിൽ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനമായി. ചരിത്രത്തിലാദ്യമായി മാധ്യമങ്ങളെ വിലക്കിയും പത്രസമ്മേളനം ഒഴിവാക്കിയും നടന്ന സമ്മേളനത്തിലാണു തീരുമാനം.
നടി ഊർമിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പുറത്താക്കിയത് ശരിയായില്ലെന്നായിരുന്നു ഇവരുടെ പക്ഷം. അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആർക്കും എതിരഭിപ്രായം ഉണ്ടായതുമില്ല.
ദിലീപിനെ പുറത്താക്കാൻ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനിൽക്കില്ലെന്നും പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പുറത്താക്കൽ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അഭിപ്രായം പറഞ്ഞുമില്ല.
ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച യോഗത്തിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നു രൂപീകരിക്കപ്പെട്ട മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങളാരും പങ്കെടുത്തില്ല. ഇവർക്കു പരസ്യ പിന്തുണ നൽകിയിരുന്ന പൃഥ്വിരാജ് ഉൾപ്പെടെയുള്ള യുവ നിരയിലെ താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.