അപർണ|
Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (10:25 IST)
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും നടിമാരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായിരുന്നു. അമ്മയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ ഡബ്ല്യുസിസിയെ കൊച്ചാക്കിയായിരുന്നു സിദ്ദിഖും കെ പി എ സി ലളിതയും നടത്തിയ വാർത്താസമ്മേളനം. എന്നാൽ, ഇതേ വിഷയത്തിൽ ജഗദീഷും പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
അമ്മയുടെ അനുവാദമില്ലാതെയാണ് സിദ്ദിഖ് പത്രസമ്മേളനം നടത്തിയതെന്ന് ജഗദീഷ് പറയുന്നു. ഇപ്പോഴിതാ, ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ജഗദീഷിന്റെയും ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള ഇരുവരുടെയും പ്രതികരണമാണ് ചോര്‍ന്നിരിക്കുന്നത്. ജഗദീഷിനെ വ്യക്തമാക്കിയ നിലപാട് ഔദ്യോഗികമല്ലെന്നും സിദ്ദിഖിന്റെ നിലപാടാണ് ഔദ്യോഗികമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറയുന്നു. അന്തിമ തീരുമാനം പറയേണ്ടത് മോഹന്‍ലാലാണ്.
അഭിപ്രായം പറയുന്നവരുടെ കരിയര്‍ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ച് പൊറുപ്പിക്കില്ല. പ്രസിഡന്റ് ആണ് മുകളിൽ. അതില്‍ കഴിഞ്ഞൊരു പദവി സംഘടനയിലില്ല. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്ക് നിര്‍ത്താമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ നടക്കില്ല. അച്ചടക്കത്തോടെ വാട്‌സാപ് സന്ദേശത്തില്‍ മാത്രമാണ് ഞാനിത് പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനാവും. എല്ലാവരുടെയും ചരിത്രം എന്റെ കൈയിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. അത് പറയിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. വല്യേട്ടന്‍ മനോഭാവം ആര്‍ക്കും വേണ്ട. സുഹൃത്തുക്കള്‍ക്കായി വാദിക്കുന്നത് നല്ല കാര്യം. എന്നാല്‍ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ പാടില്ല.- ജഗദീഷ് പറയുന്നു.
സിദ്ദിഖിന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസിലായില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പര്‍ബോഡി തീരുമാനം എടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ നടക്കില്ല. ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ് തമിഴ് പത്രവാര്‍ത്ത. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാലാണ്. ദിലീപിനെ പിന്തുണയ്ക്കണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ. സംഘടനയുടെ പേരില്‍ വേണ്ട. - ബാബുരാജും പറഞ്ഞു.