100 കിലോമീറ്റർ റാലിയിൽ രണ്ടുലക്ഷം ട്രാക്ടറുകൾ അണിനിരക്കും: പരേഡിനൊരുങ്ങി കർഷകർ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 24 ജനുവരി 2021 (11:57 IST)
ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ രണ്ടുലക്ഷം ട്രാക്ടറുകൾ അണിനിരക്കുമെന്ന് കർഷക സംഘടനകൾ. 100 കിലോമീറ്റർ ദൈർഘ്യത്തിലാണ് റാലി നടത്തുക. ഇതിനായി വിപുലമായ സജ്ജീകരണങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. ട്രാക്ടർ റാലിയുടെ സുഖമമായ നടത്തിപ്പിന് 2,500 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനായി കൺട്രോൾ റൂമും പ്രവർത്തിയ്ക്കും. സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർക്ക് കീഴിൽ ഉപസമിതികളും പ്രവർത്തിയ്ക്കും.

റാലിയിൽ വഴിയിലെ തടസങ്ങൾ പരിഹരിയ്ക്കുന്നതും, അടിയന്തര സഹായങ്ങൾ എത്തിയ്ക്കുന്നതും ജീപ്പിൽ പിന്തുടരുന്ന സന്നദ്ധ പ്രവർത്തകരായിരിയ്കും. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിപ്പിച്ചതിന് ശേഷം 12 മണിയോടെയായിരിയ്ക്കും ട്രാക്ടർ റാലി ആരംഭിയ്ക്കുക. റാലിയ്ക്ക് ഡൽഹി പൊലീസ് അനുവാദം നൽകിയതായി കര്‍ഷക നേതാവ് അഭിമന്യു കൊഹാര്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ റാലി നടത്തുന്ന റുട്ടിനെ കുറിച്ച് കർഷകർ എഴുതി നൽകിയിട്ടില്ല എന്നും അത് ലഭിച്ച ശേഷമെ പ്രതികരിയ്ക്കാനാകു എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :