തിരുവാതിര മങ്കമാരുടെ മഹോത്സവം

T SASI MOHAN|

കൈലാസാധിപനായ ശ്രീപരമേശ്വരന്‍റേ ജന്‍‌മം കൊണ്ട് പുണ്യമാര്‍ന്ന സുദിനമാണ് ധനുമാസത്തിലെ തിരുവാതിര. വ്രതാനുഷ്ഠാനങ്ങളാല്‍ മുഴുകി അന്ന് പാര്‍വതി ആനന്ദിക്കുന്നു. അതാണ് ധനുമാസത്തിലെ തിരുവാതിര ഭഗവാന്‍ തന്‍റെ തിരുനാളല്ലോ ഭഗവതിക്കും തിരുനൊയമ്പ് എന്ന പാട്ടിന്‍റെ പൊരുള്‍.

ഈ വ്രതങ്ങളും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യ സമൂഹത്തെ ആരോഗ്യമുള്ള ദീര്‍ഘായുര്‍ജ്ജീവിതത്തിന് പ്രാപ്തരാക്കുന്നു. മുന്‍‌പറഞ്ഞ പദ്യത്തിന്‍റെ നാലാം വരി ആടണം പോല്‍ പാടണം പോല്‍ എന്നാണ്. അതിനര്‍ത്ഥം ഈ പുണ്യനാള്‍ വിശേഷമായി ആഘോഷിക്കണമെന്നാണ്.

തിരുവാതിരയുടെ എഴു ദിവസം മുമ്പ് മുതല്‍ സ്ത്രീകള്‍ അതിരാവിലെ കുളത്തില്‍ തുടിച്ചു കുളിക്കുന്നു. വട്ടത്തില്‍ നിന്ന് വെള്ളം പതച്ച് മുങ്ങിക്കുളിക്കുന്നു. ഇവയോടൊപ്പം കീര്‍ത്തനങ്ങള്‍ ചൊല്ലുകയും വായ്‌ക്കുരവയിടുകയും ചെയ്യുന്നു.

കുളക്കല്‍പ്പടവില്‍ കയറിയിരുന്ന് പച്ചമഞ്ഞള്‍, ആവണക്കിന്‍ കുരു കൂട്ടിക്കുഴച്ചുവച്ച് അതിന്‍‌മേല്‍ ദശപുഷ്പങ്ങള്‍ ചാര്‍ത്തി നിലവിളക്ക് അഞ്ച് തിരിയിട്ട് കൊളുത്തി വയ്ക്കുന്നു. രണ്ട് കിണ്ടി ചന്ദനോടം ചന്ദനമണിഞ്ഞ പലക എന്നിവ തയ്യാറാക്കി ചുറ്റും വന്നു നില്‍ക്കുന്നു.

പിന്നെ പാതിരാപ്പൂ കൊണ്ടുവന്ന് പ്രദക്ഷിണം വച്ച് പൂ ചൂടുന്നു. ഈ സമയം സുമംഗലികള്‍ കയ്യില്‍ വാല്‍ക്കണ്ണാടി ഏന്തിയിരിക്കും. ആദ്യം പാതിരാപ്പൂ‍ ചൂടേണ്ടത് വിവാഹപ്രായമായ പെണ്‍‌കുട്ടികളാണ്. അണിഞ്ഞ പലകയില്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നാണ് പൂ ചൂടേണ്ടത്. മുന്നിലായി ശിവനെ സങ്കല്‍പ്പിച്ച് അമ്മിക്കുഴവി കിഴക്കു പടിഞ്ഞാറാക്കി വയ്ക്കണം.

മൂന്നു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാം. ഇതു കഴിഞ്ഞാല്‍ സുമംഗലികളുടെ ഊഴമായി. കണ്ണെഴുതി മുഖത്ത് വെള്ളം തെളിക്കും. ചന്ദനക്കുറിയിട്ടു കഴിഞ്ഞാല്‍ വിളക്കത്ത് ഗണപതിയും അമ്മക്കുഴമേല്‍ സങ്കല്‍പ്പിച്ച ശിവനും പാര്‍വതിയും അനുഗ്രഹിക്കാനായി കവുങ്ങിന്‍ പൂക്കുല, ചന്ദനം എന്നിവ ചാര്‍ത്തുക. അഷ്ടദിക് പാലകര്‍ക്കായി ഓരോ പൂവ് ആ ദിശകളിലേക്ക് ആരാധിച്ച് വയ്ക്കണം.

ഈ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും മൂന്നും കൂട്ടി മുറുക്ക് മംഗലാതിര സ്വയംവരങ്ങള്‍ പാടിക്കളിക്കുന്നു. പിന്നെ കിഴക്കോട്ട് നിന്ന് തൊഴുത് പ്രാര്‍ത്ഥിച്ച് വട്ടത്തില്‍ തിരുവാതിരക്കളി നടത്തുന്നു. ശിവനും പാര്‍വ്വതിക്കും ഗണപതിക്കും ഇളനീര്, പഴങ്ങള്‍, 108 വെറ്റില എന്നിവയെല്ലാം നേതിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :