തിരുവാതിര ദിവസം വ്രതമനുഷ്ടിച്ച് ശ്രീ പാര്‍വ്വതി പരമശിവനെ വരനായി നേടിയെന്നാണ് ഐതീഹ്യം. കാമദേവനും രതീദേവിയും പുനര്‍ജനിച്ചത് ഒന്നിച്ചതും ഇതേ നാളിലാണ് എന്നാണ് സങ്കല്പം.
രതിദേവിയുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ കന്യകമാരും സുമംഗലിമാരും വ്രതമനുഷ്ടിക്കുന്നത് ധനുമാസത്തില്‍ വെളുത്ത വാവിനോട് ചേര്‍ന്ന തിരുവാതിര നാളിലാണ്. പരമശിവന്‍റെ ജന്മനക്ഷത്രമാണ് തിരുവാതിര.
മകയിരം നാളില്‍ വൈകുന്നേരം നാലരമണിക്ക് കിഴങ്ങുവര്‍ഗങ്ങളും പഴവും ചുട്ടുണ്ടാക്കിയ എട്ടങ്ങാടിയും കൂവചിരകിയതും വിളക്ക് വച്ച് തൂശനിലയില്‍ വിളമ്പി ശ്രീപാര്‍വതിയ്ക്ക് നിവേദിക്കുന്നു.
ഈ നിവേദ്യം കഴിച്ച ശേഷമാണ് വിവാഹിതരായ സ്ത്രീകളും കന്യകമാരും ആര്‍ദ്രാവ്രതാചരണം തുടങ്ങുന്നു.
പിന്നീട് നൂറ്റെട്ടുവെറ്റിലയും അടയും നിവേദിച്ച് മൂന്ന് വെറ്റില ചേര്‍ത്ത് മൂന്ന് കൂട്ടുന്നു തിരുവാതിരനാള്‍ അര്‍ദ്ധരാത്രിയാകുമ്പോള്‍ അതിവിശിഷ്ടമായ ആര്‍ദ്രാജാഗരണം തുടങ്ങുന്നു. തിരുവാതിര നോല്‍ക്കുന്നത് ഇഷ്ട പുരുഷനെ ലഭിക്കാനും നെടുമംഗല്യത്തിനും വേണ്ടിയാണ്.
ഇക്കാലത്ത് സ്ത്രീകള്‍ പുലര്‍ച്ചെ എഴുന്നേറ്റ് കൊടും തണുപ്പിനെ വകവയ്ക്കാതെ കുളങ്ങളില്‍ മുങ്ങിക്കുളിച്ച് തുടിക്കുന്നു.
കൂവ വിരകിയതും കിഴങ്ങുകളും നേന്ത്രക്കായകളും ശര്‍ക്കരയും വന്‍പയര്‍, എള്ള്, കടല, ചോളം എന്നിവയും ചേര്‍ത്തുള്ള വിഭവങ്ങളും പുഴുക്കും മറ്റും കഴിക്കുകയും ചെയ്യുന്നു.
ആരോഗ്യശാസ്ത്ര പരമായി ഇത് വരാനിരിക്കുന്ന ഉഷ്ണകാലത്തിനെ നേരിടാന്‍ ശരീരത്തെ ഒരുക്കുകയാണെന്ന് പറയാം.