ഗൂഗിളിന് വെല്ലുവിളി, സെർച്ച് ജിപിടി പ്രഖ്യാപിച്ച് ഓപ്പൺ എ ഐ, അൽഫബെറ്റ് ഓഹരി ഇടിഞ്ഞു

അഭിറാം മനോഹർ| Last Modified വെള്ളി, 26 ജൂലൈ 2024 (19:29 IST)
വര്‍ഷങ്ങളായി ഗൂഗിളിന്റെ സമ്പൂര്‍ണ്ണ ആധിപത്യമുള്ള വെബ് സെര്‍ച്ച് മേഖലയിലേക്ക് കടന്നുവരാന്‍ തയ്യാറെടുത്ത് ഓപ്പണ്‍ എ ഐ. ഗൂഗിളിന് സമാനമായി നിരവധി സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പോലും ഇവയ്‌ക്കൊന്നും ഗൂഗിളിന് വെല്ലുവിളിയാകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ സെര്‍ച്ച് ജിപിടി ഗൂഗിളിന് വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് ടെക് ലോകം കരുതുന്നത്.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് എഞ്ചിനാകും ഓപ്പണ്‍ എ ഐ പുറത്തിറക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ എ ഐ സഹായത്തോടെ ഉപഭോക്താവിന് ലഭിക്കാന്‍ ഇത് സഹായിക്കും. വ്യാഴാഴ്ചയാണ് ഓപ്പണ്‍ എ ഐ സെര്‍ച്ച് ജിപിടി അവതരിപ്പിച്ചത്. ജൂണിലെ കണക്കുകള്‍ പ്രകാരം സെര്‍ച്ച് എഞ്ചിന്‍ വിപണിയുടെ 91 ശതമാനം കൈവശം വെച്ചിരിക്കുന്നത് ഗൂഗിളാണ്.
പുതിയ സെര്‍ച്ച് എഞ്ചിന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഓഹരി 3 ശതമാനം കുറഞ്ഞു.


നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ സംഘം ആളുകള്‍ക്ക് മാത്രമാണ് സെര്‍ച്ച് ജിപിടി സേവനം ലഭ്യമാവുക. നിലവില്‍ മൈക്രോസോഫ്റ്റിന്റെ ബിങ് ഉള്‍പ്പടെ നിരവധി സെര്‍ച്ച് എഞ്ചിനുകള്‍ ഇതിനകം തന്നെ എഐ ഫീച്ചറുകള്‍ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പണ്‍ ജിപിടി കൂടി രംഗത്ത് വന്നതോടെ സമാനമായ എ ഐ അധിഷ്ടിത ഫീച്ചര്‍ ഗൂഗിളും പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :