നാല് കുഞ്ഞുകഥകള്‍

രാജേഷ് മാങ്കോയിക്കല്‍ ഹരിഹരന്‍ തമ്പി

WEBDUNIA|
കടല്‍

കടലിനായിരം കഥകള്‍ പറയാനുണ്ടായിരുന്നു. കഥകള്‍ കടലിന് ലഹരിയായിരുന്നു. ഭൂമിയുണ്ടാകുതിനും മുന്‍പുള്ള കഥകള്‍, മനുഷ്യനും മൃഗങ്ങളും പര്‍വ്വതങ്ങളും ഉണ്ടാകുന്നതിനും മുന്‍പുള്ള കഥകള്‍. എല്ലാം കടല്‍ പറഞ്ഞു. കഥയുടെ ഒടുങ്ങാത്ത തിരമാലകള്‍ ഉയര്‍ത്തിവിട്ട് കടല്‍ അലറിച്ചിരിച്ചു. പക്ഷേ, കടലിന്‍റെ കഥ ചോദിച്ചപ്പോള്‍ കടലിന് ഉത്തരംമുട്ടി.

അവള്‍

അവനിതുവരെ അപരിചിതമായിരുന്ന സ്നേഹത്തിന്‍റെ അത്ഭുതവും, സങ്കീര്‍ണ്ണവുമായ ലോകത്തേയ്ക്ക് പോയെങ്കിലും അതിര്‍ത്തികളില്ലാത്ത ആ ലോകത്ത് അവന്‍ സ്വയം മറന്ന് വിഹരിച്ചു. ഒരു പെണ്ണിന് ഒരു പുരുഷനെ സ്നേഹിക്കാന്‍ കഴിയുന്നതിലപ്പുറം അവള്‍ അവനെ സ്നേഹിച്ചു. അവളുടെ സ്നേഹം നല്‍കിയ അഹങ്കാരം അവനെ ഒരു സ്വപ്നജീവിയാക്കി. അവള്‍ക്കു വേണ്ടി ഈ പ്രപഞ്ചം തന്നെ കീഴടക്കാന്‍ അവനൊരുക്കമായിരുന്നു. ഒടുവില്‍ അവളുടെ വികാരങ്ങള്‍ക്കു നിറം മങ്ങിയത് അവന്‍റെ ഒഴിഞ്ഞ കീശയ്ക്കരുകില്‍ വച്ചായിരുന്നെന്ന് അവന്‍ തിരിച്ചറിഞ്ഞു.

കാല

കാലം പറഞ്ഞു ഇനി ഞാന്‍ ചലിക്കില്ല. കാലം അനങ്ങാതെ ഒരിടത്ത് കിടന്നു. ജനങ്ങള്‍ കുറെ സമയം നോക്കിനിന്നു. കാലം അനങ്ങിയില്ല. അവസാനം ജനങ്ങള്‍ കാലത്തെ ചവുട്ടിമെതിച്ച് കടന്നുപോയി.

രാത്രി

രാത്രി രാത്രിയായപ്പോള്‍ പകലിനെ തിരിച്ചയച്ചു. പകല്‍ കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. രാത്രി പകലിനെ തിരികെ വിളിച്ച് ആശ്വസിപ്പിച്ചു. നാളത്തെ പ്രഭാതം നിനക്കുള്ളതാണ് നിനക്ക് മാത്രം.



വിലാസം
രാജേഷ് മാങ്കോയിക്കല്‍ ഹരിഹരന്‍ തമ്പി
ഉഷസ്, റ്റി.സി.:6/430-5
മുളമൂട് ലൈന്‍,
വട്ടിയൂര്‍ക്കാവ് പി.ഒ.
തിരുവനന്തപുരം, കേരള



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :