ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 11 ഫെബ്രുവരി 2010 (11:49 IST)
PRO
ഇന്ധന സബ്സിഡി മൂലം നടപ്പുസാമ്പത്തിക വര്‍ഷം എണ്ണവിതരണ കമ്പനികള്‍ക്ക് 31,000 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ. ഇന്ധന വിലവര്‍ദ്ധനയില്‍ തീരുമാനമെടുക്കാനിരിക്കെ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്ക് നല്‍കിയ കത്തിലാണ് ദിയോറ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സബ്സിഡി മൂലം പ്രതിദിനം കമ്പനികള്‍ക്ക് 150 കോടി രൂപ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ദിയോറ ചൂണ്ടിക്കാട്ടുന്നു. ഇന്ധന വില വര്‍ധിപ്പിക്കാനുള്ള തീരുമാനം തല്‍ക്കാലം തടഞ്ഞുവെക്കാനുള്ള കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് മുരളി ദിയോറ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ധനകാര്യമന്ത്രാലയത്തിന് കത്തെഴുതിയിരിക്കുന്നത്.
പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കോണ്‍ഗ്രസ് കോര്‍ കമ്മറ്റിക്കും വില ഉടന്‍ വര്‍ദ്ധിപ്പിക്കേണ്ടെന്ന അഭിപ്രായമാണുള്ളത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രണബ് മുഖര്‍ജി ദിയോറയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും.
പെട്രോളിയം വില വര്‍ദ്ധന കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്യാനിരിക്കെയാണ് എണ്ണക്കമ്പനികള്‍ക്കനുകൂലമായ നിലപാടുമായി മുരളി ദിയോറ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ യുപിഎ യിലെ പ്രബല സഖ്യകക്ഷികളെല്ലാം വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരാണ്.