ശ്രീനിവാസന്‍ രാജിവച്ചില്ലെങ്കില്‍ പിന്മാറുമെന്ന് സഹാറ ഗ്രൂപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്റെ അറസ്റ്റിനെ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ രാജിയ്ക്ക് സമ്മര്‍ദ്ദം. അദ്ദേഹം ശനിയാഴ്ച രാജിവച്ചേക്കും എന്നാണ് സൂചന. ശ്രീനിവാസന്‍ സ്ഥാനമൊഴിഞ്ഞാല്‍ അരുണ്‍ ജെയ്റ്റ്‌ലി താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കും.

മുംബൈ ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച വൈകിട്ട് ഹാജരായ മെയ്യപ്പന്റെ അറസ്റ്റ് മണിക്കൂറുകള്‍ക്ക് ശേഷം രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു എന്നാണ് വിവരം. ഐ‌പി‌എല്ലിനെ പിടിച്ചുലച്ച ഒത്തുകളി വിവാദത്തില്‍ മെയ്യപ്പനും പങ്കുണ്ടെന്ന് അറസ്റ്റിലായ വിന്ദു ധാരാ സിംഗ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ശ്രീനിവാസന്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുമെന്ന് സഹാറ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സത്യസന്ധനാണെങ്കില്‍ ശ്രീനിവാസന്‍ രാജിയ്ക്ക് തയ്യാറാകണം എന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റിന് മുന്നോടിയായി തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മെയ്യപ്പനില്‍ നിന്ന് അകലം പാലിച്ചിരുന്നു. മെയ്യപ്പന്‍ ടീമിന്റെ സി‌ഇ‌ഒയോ ടീം പ്രിന്‍സിപ്പലോ അല്ല. മാനേജ്മെന്റ് കമ്മിറ്റി അംഗം മാത്രമാണ് എന്നാണ് ടീമിന്റെ വിശദീകരണം. മെയ്യപ്പന്റെ അറസ്റ്റിനെ തുടര്‍ന്ന് ടീം ചെന്നൈയുടെ അംഗീകാരം നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ചെന്നൈ ടീം നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ആരോപണങ്ങളെ തുടര്‍ന്ന് കൊടൈക്കനാലിലേക്ക് മുങ്ങിയ മെയ്യപ്പന്‍ മുംബൈ പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മധുരയില്‍ നിന്ന് ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് മുംബൈയില്‍ ഹാജരാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :