റബര്‍ വിലയിടിവ്‌: കോട്ടയത്ത് ഹര്‍ത്താല്‍

കോട്ടയം| WEBDUNIA|
PRO
റബര്‍ വിലയിടിവ്‌ മൂലം കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഹര്‍ത്താല്‍. റബര്‍ വിലയിടിവിനു പരിഹാരം കാണുക, റബര്‍ ഇറക്കുമതി നിരോധിക്കുക, ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കര്‍ഷക പ്രതിഷേധം ശക്‌തമായിരിക്കുന്നത്‌.

എല്‍ഡിഎഫിന്റെ സംയുക്ത കര്‍ഷക സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണു ഹര്‍ത്താല്‍. എല്‍ഡിഎഫ്. പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍നിന്നു പാല്‍, പത്രം, അത്യാഹിതം, വിവാഹം, മരണം ഇവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌.

കെഎസ്‌ആര്‍ടിസി. സര്‍വീസ്‌ നടത്തുമെന്ന്‌ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച്‌ ഇന്നലെ യുഡിഎഫിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ റബര്‍ ബോര്‍ഡ്‌ മാര്‍ച്ച് നടത്തിയിരുന്നു.

നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുത്തു. റബര്‍ ബോര്‍ഡിനു മുന്നില്‍ നടന്ന സമ്മേളനം യുഡിഎഫ്‌. കണ്‍വീനര്‍ പിപിതങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. 12 ലക്ഷത്തോളം വരുന്ന ചെറുകിട കര്‍ഷകരെയാണു വിലയിടിവ്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

റബര്‍ ഉല്‍പാദകരില്‍ 92 ശതമാനവും ചെറുകിട കര്‍ഷകരാണ്‌. 240 രൂപയില്‍ നിന്നാണ്‌ ഇപ്പോള്‍ വില 159ല്‍ എത്തിയിരിക്കുന്നത്‌. എം ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന മിക്ക പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എംഎസ്സി അക്വാ കള്‍ച്ചര്‍, എറണാകുളം ലോ-കോളേജിലെ എല്‍എല്‍ബി പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഹര്‍ത്താല്‍ സമാധാനപരമാണ്. കെഎസ്ആര്‍ടിസി ബസുകളും ചില സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :