അല്‍ക്വയ്ദയ്ക്കും സാമ്പത്തിക മാന്ദ്യം!

ബഹ്‌റിന്‍| WEBDUNIA|
ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയെ മാത്രമാണ് കാര്യമായി ബാധിച്ചിരിക്കുന്നതെന്നാണ് എല്ലാവരുടേയും ധാരണ. എന്നാല്‍ സത്യമതല്ലെന്നാണ് പുതിയ സൂചനകള്‍. മാന്ദ്യം അല്‍ക്വയ്ദ ഉള്‍പ്പെടെ നിരവധി ഭീകരസംഘടനകളെ ബാധിച്ചിരിക്കുകയാണെന്ന്‌ സാമ്പത്തിക വിദഗ്ധര്‍ വെളിപ്പെടുത്തി. മാന്ദ്യം മൂലം ഇവര്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ വലിയ കുറവുണ്ടായതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പണലഭ്യത കുറഞ്ഞത് കാരണം ഭീകരാക്രമണങ്ങള്‍ നടത്താനാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസമായി നടന്നുവരുന്ന ബഹ്‌റൈന്‍ സുരക്ഷാ യോഗത്തിലാണ്‌ സാമ്പത്തിക മാന്ദ്യം ഭീകരരേയും ബാധിച്ചതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്‌.

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയിലായതാണ് ഭീകരസംഘടനകളേയും സാമ്പത്തിക മാന്ദ്യം ബാധിക്കാന്‍ കാരണം. 1500 അമേരിക്കന്‍ ഡോളറാണ്‌ ഒരു ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക്‌ ആവശ്യമായ തുകയെന്ന്‌ യുഎന്‍ നേതൃത്വത്തിലുള്ള അല്‍ക്വയ്ദ - താലിബാന്‍ നിരീക്ഷണ സംഘം സുരക്ഷാ യോഗത്തില്‍ വ്യക്തമാക്കി.

ഭീകരവാദം തടയുന്നതിനായി ഭീകരസംഘടനകള്‍ നടത്തുന്ന ബാങ്കിംഗ് ഇടപാടുകള്‍ എല്ലാ രാജ്യങ്ങളിലേയും ഭരണകൂടങ്ങള്‍ നിരീക്ഷണ വിധേയമാക്കണമെന്ന്‌ വാഷിംഗ്ടണിലെ സ്റ്റെയ്ന്‍ പ്രോഗ്രാം ഓണ്‍ കൗണ്ടര്‍ ടെററിസം ആന്‍ഡ്‌ ഇന്‍റലിജന്‍സ്‌ വിഭാഗം യോഗത്തില്‍ നിര്‍ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :