റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ വഴിയൊരുക്കുകയില്ലെന്ന് ധനമന്ത്രി പി ചിദംബരം അറിയിച്ചു. രൂപയുടെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടത്തുന്ന നടപടികളാണ് പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ വഴിയൊരുക്കുകയില്ലെന്ന് ധനമന്ത്രി പറയുന്നത്.
ഈ മാസം 30ന് പ്രഖ്യാപിക്കുന്ന വായ്പ നയ അവലോകനത്തെ ആര്‍ബിഐ തീരുമാനങ്ങള്‍ സ്വാധീനിക്കില്ലെന്നും പലിശനിരക്ക് ഉയര്‍ത്താന്‍ ബാങ്കുകള്‍ ഉടനടി ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ചിദംബരം പറഞ്ഞു. ആര്‍ബിഐ നടപടികള്‍ സാമ്പത്തിക വളര്‍ച്ചയെ ഒരു വിധത്തിലും ബാധിക്കില്ല. വായ്പാ വിതരണം കൂട്ടി വളര്‍ച്ച വേഗത്തിലാക്കണം. നടപ്പു സാമ്പത്തിക വര്‍ഷം ആറു ശതമാനം വളര്‍ച്ച നേടാനാവുമെന്നും ധനമന്ത്രി പറഞ്ഞു.
ഊഹക്കച്ചവടം നിയന്ത്രിക്കുക, രൂപയെ സ്ഥിരപ്പെടുത്തുക, മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടം കുറയ്ക്കുക എന്നിവയാണ് ആര്‍ബിഐ നടപടി മൂലം ലക്ഷ്യമിടുന്നത്. രാജ്യത്തിന് ലഭിക്കുന്ന വിദേശനാണ്യം അടിസ്ഥാനമാക്കിയാണ് രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത്. രൂപയ്ക്ക് നിശ്ചിത നിലവാരമാണ് ലക്ഷ്യമിടുന്നത്. ഇതു സാധ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രൂപയുടെ ഇടിവ് പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ആര്‍ബിഐ യില്‍ നിന്നു ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 10.25 ശതമാനമാക്കി തിങ്കളാഴ്ച ഉയര്‍ത്തിയിരുന്നു. പണത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി പദ്ധതിയാണിത്. ഇതിനു പുറമേ 12,000 കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങളും നാളെ മുതല്‍ വില്‍പന നടത്തും.
രൂപയുടെ മൂല്യം സ്ഥിരത നേടുന്നതോടെ ആര്‍ബിഐ പ്രഖ്യാപിച്ച നടപടികള്‍ പിന്‍വലിക്കുമെന്നു കരുതുന്നതായി എസ്ബിഐ ചെയര്‍മാന്‍ പി ചൗധരി പറഞ്ഞു. നടപടികള്‍ എത്രകാലം തുടരുമെന്നതിനെ ആശ്രയിച്ചാവും പലിശ നിരക്ക് ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് ഉടനെ ഉയര്‍ത്തുകയില്ലെന്നു യൂക്കോ ബാങ്ക് ചെയര്‍മാന്‍ അരുണ്‍ കൗളും അറിയിച്ചു.