റായ്പൂര്‍|
WEBDUNIA|
Last Modified ഞായര്‍, 21 നവംബര്‍ 2010 (12:12 IST)
ഛത്തീസ്ഗഡില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്ത് അമ്പതിനായിരത്തോളം തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. ഇവിടത്തെ 175 ചെറുകിട സ്റ്റീല്‍ പ്ലാന്റുകളിലെ തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണി നേരിട്ടുക്കൊണ്ടിരിക്കുന്നത്. നഷ്ടത്തിലായ സ്റ്റീല്‍ യൂണിറ്റുകള്‍ പൂട്ടാന്‍ തീരുമാനിച്ചെന്ന് കമ്പനി ഉടമകള്‍ അറിയിച്ചു കഴിഞ്ഞു.
സ്പോഞ്ച് ഇരുമ്പ്, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വില ഗണ്യമായി വര്‍ധിച്ചതിനാലാണ് ചെറുകിട സ്റ്റീല്‍ പ്ലാന്റുകള്‍ പൂട്ടുന്നത്. സ്പോഞ്ച് ഇരുമ്പ് ടണ്ണിന്മേല്‍ 14000 മുതല്‍ 18000 വരെ ഉയര്‍ന്നു. ഇത്രയും വില നല്‍കി അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കില്ലെന്നും പ്ലാന്റുകള്‍ പൂട്ടുകയല്ലാതെ മറ്റു വഴികള്‍ ഇല്ലെന്നും മിനി സ്റ്റീല്‍ പ്ലാന്റ്സ് അസോസിയേഷന്‍ വക്താവ് അഷോക് സുരാന പറഞ്ഞു.
നൂറ്റിഎഴുപത്തഞ്ചോളം പ്ലാന്റുകളിലായി 50000 തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്ലാന്റുകളില്‍ നിന്നായി മാസത്തില്‍ 350,000 ടണ്‍ ഉല്‍പ്പാദനമാണ് നടക്കുന്നത്. രാജ്യത്തെ മൊത്തം ഇരുമ്പ് ഉല്‍പ്പാദനത്തിന്റെ 27 ശതമാനവും ഇവിടെ നിന്നാണ് വരുന്നത്. രാജ്യത്ത് നിരവധി സ്റ്റീല്‍ പ്ലാന്റുകള്‍ സമാനമായ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്.