ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified വ്യാഴം, 7 ഒക്ടോബര്‍ 2010 (08:57 IST)
അമേരിക്കയില്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സെപ്റ്റംബര്‍ മാസത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയിലെ വിവിധ കമ്പനികള്‍ 39,000 തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ കമ്പനികളില്‍ നിന്ന് പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്.
ദിവസേനയെന്നോണം ബാങ്കുകള്‍ തകരുന്നതിന്റെയും, കമ്പനികള്‍ പൂട്ടുന്നതിന്റെയും, കൂട്ടപിരിച്ചുവിടലിന്റെയും വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മിക്ക സ്വകാര്യ കമ്പനികളും നിലനില്‍പ്പിനായി പോരാടുകയാണ്. തൊഴിലുള്ളവര്‍ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുകയാണെന്ന് സെന്റര്‍ഫോര്‍ ഇക്കണോമി ആന്റ് പോളിസി റിസര്‍ച്ച് റിപ്പോട്ട് വ്യക്തമാക്കുന്നു.
ജൂലൈ മാസത്തില്‍ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ നിന്ന് മാത്രം 40,000 തൊഴിലാളികളെ പിരിച്ചുവിട്ടു. നിര്‍മ്മാണ മേഖലയില്‍ നിന്ന് 33,000 പേരെയും മാനുഫാക്ച്വറിംഗ് ഇന്‍ഡസ്ട്രിയില്‍ നിന്ന് 6,000 പേരെയുമാണ് പിരിച്ചുവിട്ടത്. അമേരിക്കയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനായി പുറംകരാര്‍ ജോലി പ്രോത്സാഹിപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ അറിയിച്ചിരുന്നു.
അമേരിക്കയിലെ ഊര്‍ജ മേഖലയിലെ ജോലികള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും കടല്‍കടക്കുന്നത് തടഞ്ഞാല്‍ തൊഴില്‍ മേഖലയിലുണ്ടാവുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്നാണ് ഒബാമ പ്രതീക്ഷിക്കുന്നത്.