കൂടുതല്‍ നടപടികള്‍ക്ക് തയ്യാറെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (17:39 IST)
നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ റിസര്‍വ് ബാങ്ക് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സുബ്ബറാവു പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ക്ക് ബാങ്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്ക് മേധാവികളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ സുബ്ബറാവു കഴിഞ്ഞ ദിവസം സാമ്പത്തിക മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് സുബ്ബുറാവു മന്ത്രിയെ ബോധ്യപ്പെടുത്തിയതായറിയുന്നു. ആഗോള മാന്ദ്യത്തിന്‍റെ മാറിവരുന്ന സ്വഭാവത്തെക്കുറിച്ചും വികസിതവും വളര്‍ന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥകളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു.

നാണയപ്പെരുപ്പം കഴിഞ്ഞയാഴ്ച 13 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഇത് കൂടുതല്‍ പലിശയിളവുകള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് വ്യവസായിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഓക്ടോബര്‍ മുതല്‍ സുപ്രധാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് പലതവണ കുറവ് വരുത്തിയിട്ടുണ്ട്. റിപ്പൊ നിരക്ക് അഞ്ച് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.5 ശതമാനമായുമാണ് അവസാനം കുറവേര്‍പ്പെടുത്തിയത്.

മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒമ്പത് ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :