എടിഎം , എവിടെ വേണമെങ്കിലും മണി

മുംബൈ| WEBDUNIA| Last Modified ശനി, 7 ഫെബ്രുവരി 2009 (16:14 IST)
എ ടി എം പിറവിയെടുത്തതോടെ പണം കൂടെക്കൊണ്ടു നടക്കണ്ടാത്ത ഒരു അവസ്ഥ സംജാതമായി. പ്രചാരം കൂടിയതോടെ ഉപയോക്താക്കള്‍ക്ക് അതിന്‍റെ സേവന സാധ്യതയുടെ വ്യാപ്തി കൂട്ടണമെന്നും തോന്നി തുടങ്ങി. ഈ തോന്നലിലെ റിസര്‍‌വ് ബാങ്ക് യാഥാര്‍ത്ഥ്യമാക്കുകയാണ്.

2009 ഏപ്രില്‍ ഒന്നു മുതല്‍ എ ടി എം സേവന ചാര്‍ജ് ഈടാക്കില്ല. ഒരു ബാങ്കിന്‍റെ എ ടി എമ്മില്‍ നിന്നും മറ്റൊരു ബാങ്കിന്‍റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്കുള്ള സേവന ചാര്‍ജാണ് ഇല്ലാതാക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ താല്പര്യ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.

ആര്‍ ബി ഐ ഡയറക്ടര്‍ എഫ് ആര്‍ ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ ബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറിയതായും ആര്‍ ബി ഐ അറിയിച്ചു. നിലവില്‍ മറ്റ് ബാങ്കുകളുടെ എ ടി എമ്മില്‍ നിന്നും പണം എടുക്കുമ്പോള്‍ 20 രൂപയാണ് ഈടാക്കുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഏതു എ ടി എമ്മില്‍ നിന്നും ധനനഷ്‌ടം കൂടാതെ തന്നെ പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും എ ടി എം സ്ഥാപിച്ച് ഗുണഭോക്താക്കളെ വശീകരിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകള്‍ക്ക് ആര്‍ ബി ഐയുടെ ഈ നിര്‍ദേശം കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. സ്വകാര്യ, ദേശാല്‍കൃത ബാങ്കുകള്‍ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :