ജോലി കിട്ടാനുള്ള പൂജയെന്നു പറഞ്ഞു കട്ടിലിന്റെ കാലില്‍ സ്വര്‍ണവും പണവും കെട്ടിയിടാന്‍ ആവശ്യപ്പെട്ടു തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ റിമാന്‍ഡ് ചെയ്‌തു. തുറവൂര്‍ നാലുകുളങ്ങര പറയകാവ് കരോട്ടുപറമ്പില്‍ സതീശനെയാണു(39) റിമാന്‍ഡ് ചെയ്‌തത്. ഇയാളുടെ ഭാര്യ പ്രസീദ(26) ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
കളവംകോടം കൊച്ചുതറ സ്വദേശിനിയാണ് മോഷണത്തിനിരയായത്. ഇവരുടെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു മുന്‍പ് സതീശന്‍. കഴിഞ്ഞ ദിവ്സം ഇവരുടെ വീട്ടിലെത്തിയ സതീശനും ഭാര്യ പ്രസീദയും ക്ഷേത്രത്തില്‍ ഭജനയിരിക്കാന്‍ എത്തിയതാണെന്നും തങ്ങാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്നും അപേക്ഷിച്ചു.
വീട്ടുകാരി ജോലി കിട്ടുന്നതിനു പൂജാവിധികള്‍ ഉപദേശിക്കണമെന്നു സതീശനോട് ആവശ്യപ്പെട്ടു.പണക്കിഴികളും സ്വര്‍ണവും തുണിയില്‍ പൊതിഞ്ഞു കിടക്കുന്ന കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടു പ്രാര്‍ഥിച്ചാല്‍ മതിയെന്നു പറഞ്ഞു. ഇതു വിശ്വസിച്ച ഇവര്‍ ആറു ഗ്രാമിന്റെ താലിമാലയും 9,000 രൂപയും കട്ടിലില്‍ കെട്ടിയിട്ടു.
ദിവസങ്ങള്‍ക്കു ശേഷം സതീശനും ഭാര്യയും മടങ്ങിപ്പോയി. പിന്നീടു പണം ആവശ്യമായി വന്നപ്പോള്‍ കട്ടിലിലെ കിഴി അഴിച്ചപ്പോഴാണ അമളി പറ്റിയ കാര്യം ഇവര്‍ മനസിലാക്കിയത്.
പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വീണ്ടും വഴിപാടു നടത്തണമെന്നും കൂടുതല്‍ പണം നല്‍കാമെന്നും സതീശനോടു ഫോണില്‍ പറഞ്ഞുറപ്പിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.