കടത്തില്‍ മുങ്ങി പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 6 മെയ് 2014 (19:46 IST)
രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതായി കണക്കുകള്‍. പൊതുമേഖലാ ബാങ്കുകളുടെ ആകെ കിട്ടാനുള്ള കടം 70,300 കോടി വരുമെന്നാണ് ഓള്‍ ഇന്ത്യ ബാങ്ക് എം‌പ്ലോയീസ് അസോസിയേഷന്‍ (എഐബി‌ഇഎ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ, കിട്ടാക്കടങ്ങളുള്ള 400 ബാങ്കുകളുടെ പട്ടിക പുറത്തിറക്കവേയാണ് എഐബി‌ഇഎ ഇത് വ്യക്തമാക്കിയത്ത്. എന്നാല്‍ ഇത് സാധാരണക്കാര്‍ക്ക് നല്‍കിയതല്ല. വമ്പന്മാര്‍ മൂക്കുകുത്തി വീഴാതിരിക്കാന്‍ നല്‍കിയ വായ്പകളാണ്.

ഇതില്‍ 2673 കോടി കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, 3156 കോടി വിന്‍സം ഡയമണ്ട് ജുവലറി, 1810 കോടി സൂം ഡെവലെപ്പേഴ്സ്, 3672 കോടി സ്റ്റെര്‍ലിംഗ് ഗ്രൂപ് തുടങ്ങി വമ്പന്‍മാര്‍ക്ക് നല്‍കിയ വായ്പകളാണ്. 2008-2013 വരെയുള്ള 5 വര്‍ഷം കൊണ്ട് പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം 4.2 ശതമാനം കൂടി 39,000 കോടി രൂപയില്‍നിന്ന് 164,000 കോടിയായി ഉയര്‍ന്നു.

കേന്ദ്രസര്‍ക്കാരോ ധനകാര്യ വകുപ്പോ ഇതില്‍ കര്‍ശന നടപടി എടുക്കാന്‍ തയാറാകാതെ ഇരുന്നാല്‍ ബാങ്കുകളുടെ തകര്‍ച്ചയായിരിക്കും ഫലമെന്ന് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് എഐബി‌ഇഎ പറയുന്നു. പണം തിരികെ അടയ്ക്കാ‍ത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ ആര്‍ബിഐയും സര്‍ക്കാരും തയാറാകാത്തതിനെ തുടര്‍ന്നാണ് എഐബി‌ഇഎ പട്ടിക പുറത്തുവിട്ടത്.

കടം തിരിച്ചു പിടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ എഐബി‌ഇഎ പൊതുമേഖല ബാങ്കുകളെ സി‌എജി ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ബാങ്കിന്റെ കൈവശമുള്ള നിഷ്ക്രിയ ആസ്തികള്‍ വിറ്റഴിക്കാനും സംഘടന അവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :