ഇറച്ചിക്കോഴി കച്ചവടക്കാരെയും ഹോട്ടലുകാരെയും പൊരിക്കുന്നു

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 5 ഫെബ്രുവരി 2013 (10:31 IST)
PRO
വിലക്കയറ്റത്തെത്തുടര്‍ന്ന് ഇറച്ചിക്കോഴി വ്യവസായം കേരളത്തില്‍ പ്രതിസന്ധി. നികുതി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോഴി കര്‍ഷകരും കച്ചവടക്കാരും അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകുമ്പോള്‍ കോഴി വിഭവങ്ങള്‍ വില്‍ക്കുന്നത് വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ തീരുമാനിച്ചു.

ഹോട്ടലുകാര്‍ ബഹിഷ്‌കരിക്കുന്നതോടെ വില്പന ഇടിയുമെന്നതിനാല്‍ കേരളത്തിലേക്ക് കോഴി അയക്കേണ്ട എന്നാണ് തമിഴ്‌നാട്ടിലെ ബ്രോയ്‌ലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ബിസിസി) തീരുമാനം. കോഴി കര്‍ഷകര്‍, കച്ചവടക്കാര്‍, അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ സമരം നടത്തുമെന്ന് കേരള ബ്രോയിലര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും അറിയിച്ചിരുന്നു.

കേരളത്തില്‍ മാത്രമാണ് കോഴിക്ക് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോത്ത്, ആട്, പന്നി, മത്സ്യം, പച്ചക്കറി എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. കോഴിയുടെ വിലക്കയറ്റത്തിന് കാരണം 13.5 ശതമാനം വരുന്ന നികുതിയാണെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം.

കോഴിക്ക് നികുതി ഈടാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഒരു കിലോ ഇറച്ചിയില്‍ 9.50 രൂപ നികുതിയായി വന്നുചേരുന്നുവെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ഭാരവാഹികളായ കെ വി പോളും ടി എസ് പ്രമോദും ചൂണ്ടിക്കാട്ടുന്നു.

പോത്ത്, ആട്, പന്നി തുടങ്ങിയവയ്ക്കും മീനിനും പച്ചക്കറിക്കും നികുതി ഈടാക്കാതെ കോഴിക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണെന്നും ഇവര്‍ പറയുന്നു. അതേസമയം, കേരളത്തിന്റെ കോഴി ബഹിഷ്‌കരണ ഭീഷണിയെ ചെറുക്കാന്‍ തമിഴ്‌നാട് ലോബി ആസൂത്രിത നീക്കം തുടങ്ങിയതായി വ്യാപാരികളില്‍ ഒരു വിഭാഗം തന്നെ പറയുന്നു. നികുതി ഇല്ലാതാക്കിയാല്‍ അത് തമിഴ്‌നാട് ലോബിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ദിവസം 10 ലക്ഷം കിലോ കോഴിയിറച്ചി വില്‍ക്കുന്നതായാണ് കണക്ക്. ഇതില്‍ ഏഴ് ലക്ഷത്തോളം തമിഴ്‌നാട്ടില്‍ നിന്നാണ്. നികുതി ഒഴിവാക്കിയാല്‍ കുറഞ്ഞ വിലയ്ക്ക് കോഴി എത്തുന്നതോടെ കേരളത്തിലെ കോഴിക്കര്‍ഷകര്‍ പ്രതിസന്ധിയിലാകും. ഇപ്പോള്‍ തന്നെ നികുതി വെട്ടിച്ച് കോഴിക്കടത്ത് നടക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :