താരയുദ്ധം തുടരുന്നു: മമ്മൂട്ടി ഹോട്ടല്‍ ഉടമ, മോഹന്‍‌ലാല്‍ പാചകക്കാരന്‍

WEBDUNIA|
PRO
PRO
രണ്ടായിരത്തി പന്ത്രണ്ട് മോഹന്‍‌ലാലിന്റെ വര്‍ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം മോഹന്‍‌ലാലിന്റേതായി പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളില്‍ നാലും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മമ്മൂട്ടിക്കാവട്ടെ വര്‍ഷാവസാനം പുറത്തിറങ്ങിയ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം മാത്രമായിരുന്നു ഏക ആശ്വാസം. കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിക്കാന്‍ മോഹന്‍‌ലാല്‍ ഒരുങ്ങുമ്പോള്‍, 2013 തന്റേതാക്കാനാണ് മമ്മൂട്ടിയുടെ തയ്യാറെടുപ്പ്.

ജനുവരിയില്‍ തന്നെ സൂപ്പര്‍ താരങ്ങളുടെ ഏറ്റുമുട്ടല്‍ തിയേറ്ററുകളില്‍ തുടങ്ങും. മമ്മൂട്ടിയുടെ കമ്മത്ത് ആന്റ് കമ്മത്തും മോഹന്‍‌ലാലിന്റെ ലോക്‍പാലുമാണ് തിയേറ്ററുകളില്‍ ഏറ്റുമുട്ടുന്നത്. ഹോട്ടലുകളുടെ പശ്ചാത്തലമാണ് ഇരു ചിത്രങ്ങള്‍ക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. വന്‍‌ഹോട്ടല്‍ ശൃംഖലകളുടെ ഉടമായായാണ് കമ്മത്ത് ആന്റ് കമ്മത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ലോക്പാലില്‍ മോഹാന്‍ലാല്‍ ഫുഡ് കോര്‍ട്ട് നടത്തിപ്പ്‌കാരനായാണ് വേഷമിടുന്നത്. ആളുകള്‍ക്ക് രുചിപകരുന്ന വിഭവങ്ങള്‍ ഉണ്ടാക്കുന്നതും മോഹന്‍‌ലാല്‍ അവതരിപ്പിക്കുന്ന നന്ദഗോപാല്‍ എന്ന കഥാപാത്രമാണ്.

കാര്യസ്ഥന്‍ എന്ന ചിത്രത്തിന് ശേഷം തോം‌സണ്‍ ഒരുക്കുന്ന ചിത്രമാണ് കമ്മത്ത് ആന്റ് കമ്മത്ത്. ദിലീപും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരു പാട്ട് സീനിലും ക്ലൈമാക്സിലും തമിഴ് നടന്‍ ധനുഷും പ്രത്യക്ഷപ്പെടുന്നുണ്ട്. അന്‍പത് ലക്ഷം രൂപയാണ് ചിത്രത്തിന്റെ ഒരു പാട്ട് സീന്‍ ചിത്രീകരിക്കാന്‍ ചെലവഴിച്ചത്. നാലേമുക്കാല്‍ കോടി രൂപയ്ക്കാണ് കമ്മത്ത് ആന്റ് കമ്മത്തിന്റെ ചാനല്‍ സം‌പ്രേക്ഷണ അവകാശം മഴവില്‍ മനോരമ വാങ്ങിയത്.

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മോഹന്‍‌ലാല്‍ ജോഷി ടീം ഒന്നിക്കുന്ന ചിത്രമാണ് ലോക്പാല്‍. എസ് എന്‍ സ്വാമി തിരക്കഥ ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ കാവ്യയാണ് നായിക. മോഹന്‍ലാലിന്‍റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പോന്ന കഥാപാത്രമായിരിക്കും ‘ലോക്പാല്‍’ എന്ന ചിത്രത്തിലേതെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറഞ്ഞു. എസ് എന്‍ സ്വാമി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ തിരക്ക് മൂലം സംവിധാനം ചുമതല ജോഷിയെ ഏല്‍പ്പിക്കുകയായിരുന്നു.

എന്തായാലും 2013 ആര് കീഴടക്കുമെന്നതിന്റെ ആദ്യ സൂചന ജനുവരിയില്‍ തന്നെ അറിയാം അതിനായി കാത്ത് നില്‍ക്കുകയാണ് ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :