ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 7 ജൂണ്‍ 2010 (15:38 IST)
PRO
പ്രതിദിനം 100 കോടി രൂപ നഷ്ടത്തിലാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വിതരണം നടത്തുന്നതെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഐഒസി ചെയര്‍മാന്‍ ബിഎം ബെന്‍സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണ ചില്ലറവില്‍പനയില്‍ രാജ്യത്തെ ഒന്നാമത്തെ കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടത്തിന്‍റെ പേരു പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്താന്‍ നീക്കം നടത്തുന്നത്. ലിറ്ററിന് മൂന്ന് രൂപ വീതം ഉയര്‍ത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എണ്ണക്കമ്പനികളുടെ നഷ്ടക്കണക്കുകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ന്യായമാണെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസി ചെയര്‍മാന്‍ നഷ്ടക്കണക്ക് വ്യക്തമാക്കിയത്.
എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാനായി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി മുരളി ദിയോറ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉചിതമായ സമയമാണെന്നും ദിയോറ അഭിപ്രായപ്പെട്ടിരുന്നു. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അദ്ധ്യക്ഷനായ സമിതിയാണ് വില വര്‍ദ്ധന സംബന്ധിച്ച് തീരുമാനമെടുക്കുക.
അതേസമയം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പൊതുജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഇത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ ഭീമമായ വില വര്‍ദ്ധന വേണ്ടെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനുള്ളത്.