ഇന്ത്യ പാല്‍ ഇറക്കുമതിയിലേക്ക്?

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യം നേരിടുന്ന ഗുരുതരമായ പാല്‍ക്ഷാമം പാല്‍ ഇറക്കുമതിയിലേക്ക് നയിക്കുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വില കുതിച്ച് കയറുന്നത് ആശങ്കാജനകമാണെന്നും 2011-2012 വര്‍ഷത്തെ സര്‍വെ റിപ്പോര്‍ട്ടിലുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2022ല്‍ ഒരു പാല്‍ ഇറക്കുമതി രാജ്യമായി മാറും.

പാലിന്റെ ആഭ്യന്തര ഉപഭോഗം കൂടിയതും പാല്‍ ഉത്പാദനം കുറഞ്ഞതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമായത്. ഇത് വിദേശ രാജ്യങ്ങളില്‍ നിന്നു പാല്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് നയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പാല്‍ വിലയില്‍ ഇരുപത് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്നതിന് ഇതും ഒരു കാരണമായി. ആവശ്യാനുസരം പാല്‍ ലഭിക്കാന്‍ പ്രതിവര്‍ഷ ഉത്പാദനം 5.5 ശതമാനം വര്‍ധിപ്പിക്കണമെന്നാണു സര്‍വെയില്‍ പറഞ്ഞിരിക്കുന്നത്.

2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 180 ദശലക്ഷം ടണ്‍ പാലാണ് വേണ്ടിവരിക. എന്നാല്‍ 112 ദശലക്ഷം ടണ്‍ പാല്‍ മാത്രമേ നിലവില്‍ ഉത്പാദിപ്പിക്കുന്നുള്ളൂ.

സ്വാതന്ത്രലബ്‌ധിക്കു ശേഷം പാലുത്പാദനം ആറിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക നിലവാരം ഉയര്‍ന്നതിനാല്‍ പാലുത്പാദനം ഇനിയും കൂട്ടേണ്ടെതുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഈയിടെയാണ് പാല്‍പ്പൊടിയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :