ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ മിന്നല്‍ പരിശോധന: 1.75 ലക്ഷം ഈടാക്കി
പുനലൂര്‍|
WEBDUNIA|
PRO
കേരള- തമിഴ്നാട് അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ ഒന്നായ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം വാണിജ്യ നികുതി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി കേസുകള്‍ ചാര്‍ജ്ജു ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തു.
വാണിജ്യ നികുതി ഇന്‍റലിജന്‍സ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.നസറുദ്ദീന്‍, ഇന്സ്പെക്റ്റിംഗ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഇ.കമറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും മൊത്തം 1.75 ലക്ഷം രൂപയുടെ പിഴ വസൂലാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വരെ എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും വന്ന 470 വാഹനങ്ങളാണു പരിശോധിച്ചത്. ചെക്ക് പോസ്റ്റിലെ മുഴുവന്‍ ജീവനക്കാരെയും ഒഴിവാക്കി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റിന്‍റെ മുഴുവന്‍ നിയന്ത്രണം ഏറ്റെടുത്തുകൊണ്ടായിരുന്നു പരിശോധന നടത്തിയത്. ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്ക്വാഡ് ഉള്‍പ്പെടെ അഞ്ച് സ്വാഡുകളാണു പരിശോധനയില്‍ പങ്കെടുത്തത്.
കശുവണ്ടി പരിപ്പ്, പഴയ വാഹന സ്പെയര്‍ പാര്‍ട്ടുകള്‍, വേസ്റ്റ് പേപ്പര്‍ എന്നിവയായിരുന്നു നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സാധനങ്ങള്‍. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത കേസുകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.