‘സ്പ്ലെൻഡറി’നോട് പടവെട്ടി ജയിക്കാന്‍ ‘വിക്ടര്‍ ’ വീണ്ടും വരുന്നു, ടിവിഎസ് രണ്ടും കല്‍പ്പിച്ചുതന്നെ

VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (16:44 IST)
ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡറി’നു മൃഗീയ ആധിപത്യമുള്ള കമ്യൂട്ടർ വിഭാഗത്തിൽ പടവെട്ടി കളം പിടിക്കാന്‍ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ പഴയ പടക്കുതിരയായ
‘വിക്ടറി’നെ വീണ്ടും അവതരിപ്പിക്കാൻ
തയാറെടുക്കുന്നു. ഒൻപതു ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുന്ന, 110 സി സി, മൂന്നു വാൽവ് എൻജിനോടെയാവും ‘വിക്ടറി’ന്റെ മടങ്ങി വരവ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മിക്കവാറും അടുത്ത മാസം ഉൽപ്പാദനം ആരംഭിച്ചു സെപ്റ്റംബറിൽ പുതിയ ‘വിക്ടർ’ ടി വി എസ് വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന. കമ്യൂട്ടർ വിഭാഗത്തിൽ അധികം വാഹനങ്ങള്‍ ഇല്ലാത്തതിനാലാണ് വിക്ടറുമായി പടവെട്ടാന്‍ ടി‌വി‌എസ് തീരുമാനിച്ചിരിക്കുന്നത്. സ്പ്ലെന്‍ഡറിന് രാജ്യത്തെ വാർഷിക വിൽപ്പന 20 ലക്ഷം യൂണിറ്റിലേറെയാണ്.
2001ല്‍ അരങ്ങേറിയ വിക്ടറിന് മികച്ച വിൽപ്പന കൈവരിക്കാന്‍ സാധിച്ചിരുന്നു. അതിനാലാണ് വീണ്ടും അരക്കൈ പരീക്ഷിക്കാന്‍ ടിവി‌എസ് ഒരുങ്ങുന്നത്.

പ്രതിമാസം 40,000 യൂണിറ്റിന്റെ വിൽപ്പനയോടെ ആദ്യ തവണ കൈവരിച്ച സ്വീകാര്യത മടങ്ങി വരവിലും ‘വിക്ടറി’നു നിലനിർത്താനാവുമെന്നും കമ്പനി കരുതുന്നു. സമീപകാലത്തായി ടി വി എസിൽ നിന്നുള്ള ഇരുചക്രവാഹനങ്ങൾ വിപണിയിൽ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഇതും ഒരു പ്രലോഭനമായി കമ്പനിന്‍ കാണുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :