സജിത്ത്|
Last Modified ചൊവ്വ, 3 മെയ് 2016 (18:34 IST)
മിഡിൽ വെയിറ്റ് ടൂറർ ക്യാറ്റഗറിയിലെ ഇന്ത്യൻ ബൈക്ക് വസന്തം ബുള്ളറ്റിനെ തകർക്കാൻ കാവസാക്കി പുതിയൊരു ബൈക്കുമായി എത്തുന്നു. രാജ്യന്തര വിപണിയിൽ വിൽപ്പനയിലുള്ള കാവസാക്കി എസ്ട്രെല 250 എന്ന മോഡലിനെയാണ് കമ്പനി ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുന്നത്. പഴയ തലമുറയില്‍പ്പെട്ട ബൈക്കുകളെ ഓർമ്മിപ്പിക്കുന്ന ക്ലാസിക് ലുക്കാണ് എസ്ട്രെലയ്ക്കുള്ളത്.
ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കി ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എസ്ട്രെല ഇന്ത്യയിലെത്തും എന്നുതന്നെയാണു ആരാധകര്‍ കണക്കുകൂട്ടുന്നത്. 250 സിസി കപ്പാസിറ്റിയുള്ള സിംഗിൾ സിലിണ്ടർ നാല് സ്ട്രോക്ക് ഒ എച്ച് വി, എയർകൂൾഡ്, ഫ്യൂവൻ ഇഞ്ചക്ഷൻ എൻജിനാണ് ഈ ബൈക്കിന്. 7500 ആർ പി എമ്മിൽ 17.1 ബിഎച്ച്പി കരുത്തും 5000 ആർ പി എമ്മിൽ 18 എൻഎം ടോർക്കുമുണ്ട്.
1992 മുതൽ ജപ്പാൻ വിപണിയില്‍ നിലവിലുള്ള ബൈക്കാണ് എസ്ട്രെല. 1994 മുതൽ 1999 വരെ ജർമനിയിലും എസ്ട്രെല വിൽപ്പനയ്ക്കെത്തിയിരുന്നു. ഏകദേശം രണ്ട് ലക്ഷം രൂപയാണു പ്രതീക്ഷിയ്ക്കുന്ന വില.