ബുള്ളറ്റ് നാശവും ബാലറ്റ് വികസനവും തരുമെന്ന് ബിഹാറില്‍ പ്രധാനമന്ത്രി

പാട്‌ന| JOYS JOY| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (16:32 IST)
കലാപങ്ങള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിഹാറിലെ ബംഗയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യറാലിയായിരുന്നു ഇത്.

കലാപങ്ങള്‍ ഒന്നിനും പരിഹാരമല്ല. മാവോവാദത്തിന്റെയും കലാപത്തിന്റെയും പാതകള്‍ പിന്തുടരുന്ന യുവാക്കള്‍ മുഖ്യധാരയിലേക്ക് മടങ്ങിയെത്തണം. ബിഹാറില്‍ ഇത്തവണ രണ്ടു ദീപാവലി ആഘോഷം ഉണ്ടാകുമെന്നും അതിലൊന്ന് തെരഞ്ഞെടുപ്പുഫലം വന്നതിനു ശേഷമുള്ളതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിഹാര്‍ പൂര്‍ണമായി വികസിക്കാതെ ഇന്ത്യയ്ക്ക് മുന്നേറാനാവില്ല. അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള ബിഹാറുകാരുമായി സംസാരിച്ചെന്നും അവിടെ നല്ല ജീവിതം നയിക്കുന്നവര്‍ നാട്ടിലെ സ്ഥിതിയില്‍ ആശങ്കാകുലരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ നാട് വികസിക്കണമെന്ന് ആഗ്രഹമുള്ള ചെറുപ്പക്കാര്‍ ഉള്ളപ്പോള്‍ ബിഹാറിന് പിന്നോക്കം പോകാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവിലുള്ള സര്‍ക്കാരിന് എത്ര ഫണ്ട് നല്‍കിയിട്ടും എന്താണ് കാര്യം?
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമൊന്നും പാലിക്കാന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്
കഴിഞ്ഞിട്ടില്ല. വാഗ്ദാന ലംഘനം നടത്തിയ മുഖ്യമന്ത്രിക്ക് വീണ്ടും വോട്ട് ചോദിക്കാനുള്ള അവകാശമില്ലെന്നും ഇങ്ങനെയുള്ള ആളുകളെ എങ്ങിനെയാണ് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുകയെന്നും പ്രധാനമന്ത്രി ചോദിച്ചു. ജിതിന്‍ റാം മാഞ്ചിയോട് ചെയ്ത കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :