വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 6 ഡിസംബര്‍ 2019 (12:30 IST)
രാജ്യത്ത് എടിഎം വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റിസർവ് ബങ്ക് ഓഫ് ഇന്ത്യ. വായ്പ അവലോകന യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ റിസർവ് ബാങ്ക് തീരുമാനം എടുത്തത്. എടിഎമ്മിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ ഉൾപ്പടെ ചോർത്തി പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.
എന്നാൽ ഏതു തരത്തിലുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവരിക എന്ന കാര്യം ഈ മാസം അവസാനത്തോടെ മാത്രമേ വ്യക്തമാകു. ജനുവരി മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. എടിഎം സേവനങ്ങൾക്കായി മിക്ക ബാങ്കുകളും തേർഡ് പാർട്ടി സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇത് ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുന്നതിനും തട്ടിപ്പിനും ഇടയാക്കുന്നതായി റിസർവ ബാങ്ക് നിരീക്ഷിച്ചതായാണ് വിവരം.
അതിനാൽ തേർഡ് പാർട്ടി സ്ഥാപനങ്ങങ്ങളുമായി ബാങ്കുകളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് കൂടുതൽ പ്രതീക്ഷിക്കുന്നത്. എടിഎം ഇടപാടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഈ മാസം അവസാനത്തോടെ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കും. എടിഎം വഴി സ്കിമ്മിംങ് പോലെയുള്ള തട്ടിപ്പുകൾ അടുത്ത കാലത്തായി വർധിച്ചിരുന്നു.