2000 രൂപ നോട്ടുകള്‍ എവിടെ? വീണ്ടും നോട്ടുനിരോധനമോ? ഒന്നും മിണ്ടാതെ ധനമന്ത്രി; ജനം ആശങ്കയില്‍

ന്യൂഡല്‍ഹി| BIJU| Last Updated: ബുധന്‍, 26 ജൂലൈ 2017 (18:00 IST)
പുതുതായി പുറത്തിറക്കിയ നോട്ടുകള്‍ക്ക് ക്ഷാമം. എടി‌എമ്മുകളില്‍ നിന്ന് പഴയതുപോലെ 2000 രൂപ നോട്ടുകള്‍ ലഭിക്കുന്നില്ല. മാത്രമല്ല, സാധാരണ ക്രയവിക്രയങ്ങളിലും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് നോട്ടാണ്. 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

2000 രൂപ നോട്ട് നിരോധിക്കുമെന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ക്ക് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി മറുപടി നല്‍കാത്തതും ആശങ്കയ്ക്ക് വകവച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ ഇതുസംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളില്‍ നിന്ന് അരുണ്‍ ജെയ്റ്റ്‌ലി ഒഴിഞ്ഞുമാറുകയായിരുന്നു.

സാധാരണ ജനങ്ങള്‍ക്ക് 2000 രൂപ നോട്ട് ഇപ്പോഴും ബുദ്ധിമുട്ട് തന്നെയാണ്. ചെറിയ ഇടപാടുകള്‍ക്ക് ഈ നോട്ട് ഇപ്പോഴും ‘പൊതിയാത്തേങ്ങ’യാണെന്നാണ് പലരുടെയും അഭിപ്രായം. 2000 രൂപ നോട്ടുകൊണ്ട് ഒരു കടയില്‍ കയറി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ പലപ്പോഴും ചില്ലറ കിട്ടാറില്ലെന്നും ജനം അഭിപ്രായപ്പെടുന്നു.

ഈ തിരിച്ചറിവും കള്ളപ്പണത്തിനായി കൂടുതല്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയും മൂലം കേന്ദ്രസര്‍ക്കാര്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയാലും അത്ഭുതപ്പെടാനില്ല. ഉടന്‍ തന്നെ 200 രൂപയുടെ നോട്ട് പുറത്തിറക്കുമെന്ന് ആര്‍ ബി ഐ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയാലും അവയുടെ ഉപയോഗം അസാധുവാക്കില്ല എന്നുതന്നെയാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ 2000 രൂപ നോട്ടുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :