നികുതിയിളവിനുള്ള പിഎഫ് നിക്ഷേപ പരിധി സ്വകാര്യമേഖലയ്ക്കും അഞ്ചുലക്ഷമാക്കിയേക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 23 ജനുവരി 2022 (15:33 IST)
ആദായ നികുതി ഇളവ് ലഭിക്കാനുള്ള പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പരിധി എല്ലാ ശമ്പളക്കാർക്കും അഞ്ചുലക്ഷം രൂപയായി ഉയർത്തിയേക്കും. പ്രൊവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളിയുടെ മാസവിഹിതത്തിനു തുല്യമായി തൊഴിലുടമയും വിഹിതമടയ്ക്കുന്ന സ്വകാര്യ മേഖലയിലുള്ളവർക്ക് രണ്ടരലക്ഷം രൂപയാണ് നിലവിലെ പരിധി.

അതിന് മുകളിലാണ് ഒരുവർഷത്തെ നിക്ഷേപമെങ്കിൽ അതിന് നികുതി ഈടാക്കും. എന്നാൽ, തൊഴിലുടമ വിഹിതം അടയ്ക്കാത്ത സർക്കാർ ജീവനക്കാർക്ക് അഞ്ചുലക്ഷം രൂപവരെ പ്രൊഫിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കാം. മാസശമ്പളം പറ്റുന്ന എല്ലാവരുടെയും കാര്യത്തിൽ ഇത് ഏകീകരിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരുന്ന ബജറ്റിൽ ഉണ്ടാകും.

കഴിഞ്ഞകൊല്ലത്തെ ബജറ്റിലായിരുന്നു ആദായ നികുതിക്കായി പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് രണ്ടരലക്ഷം പരിധി ഏർപ്പെടുത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഇത് അഞ്ചുലക്ഷമാക്കി. എന്നാൽ തൊഴിലുടമ വിഹിതമടയ്ക്കുന്നവരുടെ കാര്യത്തിൽ അത് ബാധകമാക്കിയിരുന്നില്ല. ഇതോടെ അഞ്ചുലക്ഷം രൂപയെന്നത് സർക്കാർ ജീവനക്കാർക്കു മാത്രമായി ചുരുങ്ങി.

സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ മാത്രം പരിധി ഉയർത്തിയത് വിവേചനപരമാണെന്ന പരാതി പിന്നീട് ഉയർന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് നിർദേശം എല്ലാ ശമ്പളക്കാർക്കും ബാധകമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :