ദുബായ്|
VISHNU.NL|
Last Modified വ്യാഴം, 25 ഡിസംബര്‍ 2014 (13:53 IST)
അസംസ്‌കൃത എണ്ണയുടെ വിലയിടിവില്‍ പരിഭ്രാന്തിയില്ലെന്നും വില എത്ര ഇടിഞ്ഞാലും ഉത്പാദനം കുറയ്ക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് രംഗത്ത്. അബുദാബിയില്‍ ഞായറാഴ്ച ചേര്‍ന്ന എണ്ണ കയറ്റുമതി ചെയ്യുന്ന അറബ് രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധികം വൈകാതെ എണ്ണ വിപണി പഴയ സ്ഥിതിയിലെത്തുമെന്നാണ് അറബ് രാജ്യങ്ങളുടെ വിലയിരുത്തല്‍.
ഒപെകിന് പുറത്തുള്ള രാജ്യങ്ങളുടെ എണ്ണ ഉത്പാദനവും കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2015 ല്‍ ഈ രാജ്യങ്ങളെല്ലാം ചേര്‍ന്ന് പ്രതിദിനം 55.9 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിപണിയിലെത്തിക്കുമെന്നാണ് സൂചനകള്‍. ഇതില്‍ ഒപെകിലെ മറ്റ് രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് സൂചനകളുണ്ട്. ബാരലിന് 115 ഡോളര്‍ വരെയുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില 57-59 ഡോളറിലാണ് നില്‍ക്കുന്നത്.
അതിനു കാരണം പുതിയ ഉത്പാദക രാജ്യങ്ങളാണ്.
തങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നതിനു പകരം ഒപെകിനു പുറത്തുള്ള പുതുമുഖങ്ങള്‍ ഉത്പാദനം കുറയ്ക്കണമെന്നാണ് സൌദി അറേബ്യയുടെ നിര്‍ദ്ദേശം. വിപണിയില്‍ എണ്ണയുടെ ലഭ്യത അധികമായതാവാം വിലയിടിവിന് ഒരു കാരണം. പക്ഷേ, അതിന്റെ ഉത്തരവാദിത്വം ഒപെക് രാജ്യങ്ങള്‍ക്കല്ല. അവര്‍ ഉത്പാദനം കുറച്ച് വിപണിയുമായി സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ എണ്ണ ഉത്പാദിപ്പിക്കുന്നവര്‍ ഈ രംഗത്തെ പുതുമുഖങ്ങളാണെന്നും സൌദി ഊര്‍ജകാര്യമന്ത്രി അലി അല്‍ നയിമി വിശദീകരിച്ചു.
എണ്ണയ്ക്ക് ബദലായുള്ള അമേരിക്കയുടെ ഷെയില്‍ വ്യാപാരവും ഒപെകിന് പുറത്തുള്ള രാജ്യങ്ങളുടെ എണ്ണ ഉത്പാദനവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഒപെക് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എണ്ണ ഉത്പാദന രംഗത്തെ പുതുമുഖങ്ങളും ഒപെകില്‍ ഇല്ലാത്തവരുമായ രാജ്യങ്ങളോട് വിപണി പഠിക്കാനും അതിനനുസരിച്ച് ഉത്പാദനം കുറയ്ക്കാനും ഞായറാഴ്ചത്തെ സമ്മേളനത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളുടെ മന്ത്രിമാരും ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.