ഇന്ത്യന്‍ നിരത്തുകള്‍ പിടിച്ചെടുക്കാന്‍ ‘മസെരാട്ടി’ വരുന്നു

ഇറ്റാലിയൻ ആഡംബര കാർ ‘മസെരാട്ടി’ , ഫിയറ്റ് , കാര്‍ , മസെരാട്ടി
ഇറ്റലി| jibin| Last Updated: ശനി, 18 ജൂലൈ 2015 (15:47 IST)
ഇന്ത്യന്‍ വിപണിയില്‍ ആഡംബരവാഹനങ്ങള്‍ക്കുള്ള പ്രീയം മുതലെടുക്കാന്‍ ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി ഇന്ത്യയിൽ തിരിച്ചെത്തി. 2005 മുതൽ ഫിയറ്റ് ഗ്രൂപ്പിന്റെ ഭാഗമായ മസെരാട്ടി, ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് ഇന്ത്യയുടെ സഹകരണത്തോടെയാണു തിരിച്ചെത്തുന്നത്.

ഒപ്പം അടുത്ത വർഷം അരങ്ങേറ്റം കുറിക്കുന്ന പുത്തൻ സ്പോർട്സ് യൂട്ടിലിറ്റി വാഹനം(എസ് യു വി) ആദ്യ ഘട്ടത്തിൽ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനാണ് മസെരാട്ടി പദ്ധതിയിടുന്നത്. രണ്ടാം വരവിൽ ‘ക്വാട്രോപോർട്ടെ’, ‘ഘിബ്ലി’, ‘ഗ്രാൻ ടുറിസ്മൊ’, ‘ഗ്രാൻ കബ്രിയൊ’ എന്നീ മോഡലുകളാണു മസെരാട്ടി ഇന്ത്യയിൽ ലഭ്യമാക്കുന്നത്. കരുത്തും വേഗതയും ഒത്തിച്ചേര്‍ന്ന മസെരാട്ടിയുടെ പുത്തന്‍ കാറുകള്‍ക്ക് വിലയില്‍ അല്‍പ്പം കൂടുതലുമുണ്ട്. 1.14 കോടി മുതൽ 2.20 കോടി രൂപ വരെയാണ് ഇവയുടെ വില. എന്നാല്‍ വാഹനത്തിന്റെ അഴകും കരുത്തും ഒത്തുച്ചേരുന്നത് വാഹനപ്രമികളെ വില കണ്ട് ഞെട്ടിക്കില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

ന്യൂഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലാണു മസെരാട്ടി പുതിയ ഡീലർഷിപ്പുകൾ തുറക്കുന്നത്. ഭാവിയിൽ കൊൽക്കത്ത, ഹൈദരബാദ്, അഹമ്മദബാദ്, ചെന്നൈ നഗരങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കാൻ മസെരാട്ടിക്കു പദ്ധതിയുണ്ട്. ഇറ്റലിയിൽ നിർമിച്ച കാറുകൾ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :