കൊച്ചി|
JOYS JOY|
Last Modified ശനി, 18 ജൂലൈ 2015 (14:48 IST)
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി ജി പിയുടെ വക ഇമ്പോസിഷന്‍. ഡി ജി പി നല്കിയ സര്‍ക്കുലര്‍ വായിക്കാത്തതിനാണ് സര്‍ക്കുലര്‍ സ്വന്തം കൈപ്പടയില്‍ ഇമ്പോസിഷന്‍ എഴുതി സമര്‍പ്പിക്കാന്‍ ഡി ജി പി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കുലര്‍ വായിച്ച് മനസ്സിലാക്കി സ്വന്തം കൈപ്പടയില്‍ വേണം ഇമ്പോസിഷന്‍ എഴുതാന്‍. ഇമ്പോസിഷന്‍ എഴുതിയതിനു ശേഷം ജില്ല മേധാവികള്‍ക്കു വേണം നല്കാന്‍.
സ്ത്രീകളെയും കുട്ടികളെയും കാണാതായതു സംബന്ധിച്ചും സ്ത്രീകളും കുട്ടികളും പീഡനത്തിരയായി വരുമ്പോള്‍ എന്തു നടപടികള്‍ സ്വീകരിക്കണം എന്നത് സംബന്ധിച്ചും ആയിരുന്നു ഡി ജി പി സര്‍ക്കുലര്‍ നല്കിയിരുന്നത്. എന്നാല്‍, കോന്നി സംഭവത്തിനു ശേഷം ഡി ജി പി ഇതിനെക്കുറിച്ച് ചില പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നെങ്കിലും ആര്‍ക്കും ഉത്തരം അറിയില്ലായിരുന്നു. ഇങ്ങനെയാണ് ആരും സര്‍ക്കുലര്‍ വായിച്ചിട്ടില്ലെന്ന് ഡി ജി പി മനസ്സിലാക്കിയത്. പിന്നെ, വൈകിയില്ല, വായിക്കാത്തവരെ വായിപ്പിക്കാന്‍ ഇമ്പോസിഷന്‍ എഴുതണമെന്ന ഉത്തരവ് നല്കാന്‍.
കഴിഞ്ഞമാസം 14ന് ആയിരുന്നു ഡി ജി പി സര്‍ക്കുലര്‍ നല്കിയത്. ഒരു മാസം സമയം കിട്ടിയിട്ടും സര്‍ക്കുലര്‍ വായിക്കാത്തവര്‍ ഈ മാസം 24നു മുമ്പ് ഇമ്പോസിഷന്‍ എഴുതി ജില്ല പൊലീസ് മേധാവികളെ ഏല്പിക്കണം. എസ് ഐമാരും സി ഐമാരും ഒക്കെ ഇമ്പോസിഷന്‍ എഴുതുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.