സജിത്ത്|
Last Modified ചൊവ്വ, 20 ജൂണ്‍ 2017 (10:13 IST)
വാഹന വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി കുതിച്ചു പായുന്നു. വിപണിയിലെത്തി 20 മാസത്തിനകം തന്നെ മാരുതിയില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ബലെനോ, രണ്ട് ലക്ഷം യൂണിറ്റ് വില്‍പന എന്ന നാഴികക്കല്ലു പിന്നിട്ടതായാണ് ഓട്ടോകാര്‍ പ്രൊഫഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം തന്നെ, പുതിയ നേട്ടത്തില്‍ മാരുതി സുസൂക്കിയില്‍ നിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
2015 ഒക്ടോബര്‍ 26 നാണ് പ്രീമിയം ഹാച്ച്ബാക്ക് ബലെനോ അവതരിപ്പിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി നടത്തിയത്. 2017 മെയ് മാസം വരെയുള്ള മാരുതിയുടെ കണക്കനുസരിച്ച് , 1,97,660 യൂണിറ്റ് ബലെനോകളാണ് വില്‍ക്കപ്പെട്ടത്. പ്രതിമാസം ശരാശരി 16000 യൂണിറ്റ് ബലെനോകളാണ് മാരുതി വില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ടോപ് ടെന്‍ ബെസ്റ്റ് സെല്ലിംഗ് കാറുകളുടെ പട്ടികയിലെ സ്ഥിര സാന്നിധ്യമാണ് മാരുതി ബലെനോ. മാരുതിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ക്രോസ്സോവറായ എസ്-ക്രോസിന് കഴിഞ്ഞില്ലെങ്കിലും പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയില്‍ നിന്നും മികച്ച പ്രതികരണമാണ് ബലെനോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നീ വേര്‍ഷനുകളിലാണ് മാരുതി ബലെനോ എത്തുന്നത്. അതേസമയം, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് ബലെനോ RS ന് കരുത്തേകുന്നത്.