വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 7 ഡിസംബര്‍ 2020 (13:59 IST)
സംസ്ഥാനത്ത് ഇലകട്രിക് വാഹനങ്ങൾക്കായി ചാർജിങ് കേന്ദ്രങ്ങൾ സജ്ജമാക്കി കെഎസ്ഇബി. ആദ്യ ഘട്ടത്തിൽ ആറ് കേന്ദ്രങ്ങളിലാണ് കെഎസ്ഇബി ചാർജിങ് ശൃംഖല ആരംഭിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരത്തെ നേമം ഇലക്ട്രിക്കൽ സെക്ഷൻ, കൊല്ലത്തെ ഒലൈ, എറണാകുളത്ത് പാലാരിവട്ടം വൈദ്യുതി ഭവനം, തൃശൂരിലെ വിയൂർ സബ്സ്റ്റേഷൻ, കോഴിക്കോട് നല്ലളം സബ്സ്റ്റേഷൻ, കണ്ണൂരിലെ ചൊവ്വ സബ്സ്റ്റേഷൻ എന്നിവിടങ്ങളിലാണ് നിലവിൽ വൈദ്യുത വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചിരിയ്ക്കുന്നത്.
2021 ഫെബ്രുവരി ആറുവരെ കെഎസ്ഇബി ചാർജിങ് പോയന്റുകളിൽനിന്നും തികച്ചും സൗജന്യമായി വാഹനങ്ങൾ ചാർജ് ചെയ്യാം. നവംബർ മുതൽ ആറ് കേന്ദ്രങ്ങളിലും സേവനം സൗജന്യമായാണ് നൽകുന്നത്. 14 ജില്ലകളിലായി 56 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിയ്ക്കുകയാണ്. ഇതിൽ 12 എണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്നത് കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിയ്ക്കുന്നത്. ഒരു ചാർജിങ് സ്റ്റേഷൻ ആരംഭിയ്ക്കാൻ ഏകദേശം മൂന്ന് കോടി രൂപ ചെലവ് വരും എന്നാണ് കണക്കാക്കപ്പെടുന്നത്.