കൊച്ചി|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (09:57 IST)
കൊച്ചി തുറമുഖ വികസനത്തിന് വീണ്ടും തിരിച്ചടി. നിര്‍ദ്ദിഷ്‌ട സ്വതന്ത്ര വ്യാപാര സംഭരണ മേഖല (ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണ്‍) പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ മൂന്നാംം തവണയും നീട്ടിവച്ചു. കഴിഞ്ഞ 16നായിരുന്നു പദ്ധതിക്കായി ടെന്‍ഡര്‍ നല്‍കുന്നതിന് കൊച്ചി തുറമുഖം നിഷ്‌കര്‍ഷിച്ച സമയം അവസാനിച്ചത്. എന്നാല്‍, ഒരു കമ്പനിപോലും ടെന്‍ഡറിനായി മുന്നോട്ടു വന്നില്ല. തുടര്‍ന്ന്, കഴിഞ്ഞ ദിവസം ചേര്‍ന്ന തുറമുഖ ട്രസ്‌റ്റ് അധികൃതരുടെ യോഗം ഈമാസം 20 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി.
അതേസമയം, ടെന്‍ഡര്‍ സമര്‍പ്പിക്കാനായി സമയം നീട്ടി നല്‍കിയെങ്കിലും ഏതെങ്കിലും കമ്പനി എത്തുമെന്ന് പ്രതീക്ഷയില്ലെന്നാണ് തുറമുഖ ട്രസ്‌റ്റ് അധികൃതര്‍ പറയുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ പ്രതീക്ഷിച്ചത്ര കണ്ടെയ്‌നറുകള്‍ എത്താത്തതാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്.
പ്രതിവര്‍ഷം പത്ത് ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയാണ് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനലക്ഷ്യം. എന്നാല്‍, നാളിതുവരെ ഈ നേട്ടം കൊയ്യാന്‍ ടെര്‍മിനലിനായിട്ടില്ല. മൊത്തം 3.46 ലക്ഷം ടിഇയു കണ്ടെയ്‌നറുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വല്ലാര്‍പാടം ടെര്‍മിനല്‍ കൈകാര്യം ചെയ്‌തത് . 2012-13ല്‍ ഇത് 3.34 ലക്ഷം ടിഇയു ആയിരുന്നു. നടപ്പു വര്‍ഷം കണ്ടെയ്‌നര്‍ നീക്കത്തില്‍ ഉണര്‍വ് ദൃശ്യമാണെന്നും കൂടുതല്‍ ഷിപ്പിംഗ് കമ്പനികളെ വല്ലാര്‍പാടത്തേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും തുറമുഖ ട്രസ്‌റ്റ് അധികൃതര്‍ പറഞ്ഞു.