സുമീഷ് ടി ഉണ്ണീൻ|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (18:31 IST)
ജാവയുടെ രാജ്യത്തെ ആദ്യ ഡീലർഷിപ്പ് തുറന്നത് പൂനെ നഗരത്തിൽ. രണ്ട് ഡിലർഷിപ്പുകളാണ് പൂനെ നഗരത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ രാജ്യവ്യാപകമായി 60
ഡിലർഷിപ്പുകൾ ആരംഭിക്കും. അടുത്ത വർഷം ആദ്യ പാദത്തിനുള്ളിൽ തന്നെ പുതിയ 105 ഡീലർഷിപ്പുകൾ തുറക്കാനാണ് ക്ലാസിക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാകും കേരളത്തിൽ ആദ്യ ഘട്ടത്തിൽ ഡിലർഷിപ്പുകൾ വരിക. പുത്തൻ ജാവക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽനിന്നും ലഭിക്കുന്നത്. അദ്യഘട്ടത്തിൽ ജാവ,
ജാവ 42 എന്നീ രണ്ട് മോഡലുകളെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
തികച്ചും പഴയ ക്ലാസിക് ശൈലി പിന്തുടരുന്നതാണ് ജാവ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍ വീതിയേറിയ സീറ്റ് എന്നിവ പുതിയ ജാവയിലും അതേപടി നിലനിർത്തിയിരിക്കുന്നു. ക്ലാസിക് ഡിസൈനിൽ ആധുനിക കൂടിച്ചേരുന്നതാണ് ജാവ 42. 1.55 ലക്ഷം രൂപയാണ് ജാവയുടെ വില, ജാവ 42ന് 1.64 ലക്ഷം രൂപയാണ് വില.
27 ബിഎച്ച്‌പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ ജാവക്ക് കരുത്തേകുന്നത്. സിക്സ് സ്പീഡ് ഗിയർ ബോക്സ് ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്. റോയൽ എൻഫീൽഡ് ബൈക്കുകൾക്കാവും ജാവ ഏറ്റവുമധികം മത്സരം സൃഷ്ടിക്കുക. ക്ലാസിക് ബൈക്കുകളിൽ റോയൽ എൻഫീൽഡിന് ഏറെ കാലങ്ങൾക്ക് ശേഷമാണ് വിപണിയിൽ എതിരാളികൾ വരുന്നത്.