ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (11:36 IST)
ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ഭേദഗതി ബില്‍ ഈ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പാസാക്കാനുറച്ച് മോഡി സര്‍ക്കാര്‍ അണിയറ നീക്കങ്ങള്‍ സജ്ജമാക്കി തുടങ്ങി. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വച്ചുതാമസിപ്പിക്കാന്‍ പറ്റില്ലെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരികുന്നത്.
രാജ്യ സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ബില്‍ പാസാക്കാന്‍ മടിക്കില്ലെന്നും സര്‍ക്കാര്‍ സൂചന നല്‍കി. രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ഈ സമ്മേളനകാലത്തു തന്നെ സംയുക്ത സമ്മേളനം വിളിക്കും.
അതേ സമയം ഇന്‍ഷുറന്‍സ് ബില്ലിനു നേരത്തേതന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ബിജെഡിക്ക് ഒപ്പം അണ്ണാ ഡിഎംകെയും സര്‍ക്കാരിനെ സഹായിക്കാന്‍ തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ പാസക്കുന്നതില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി സര്‍ക്കാരിനെ പരീക്ഷമായി സഹായിക്കാന്‍ ഡിഎംകെ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ യുപിഎ സഖ്യകക്ഷിയായ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ ഇന്‍ഷുറന്‍സ് ബില്ലിനു പരസ്യമായി പിന്തുണ
പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നിരയില്‍ ഭിന്നിപ്പ് വ്യക്തമായി.
പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടെങ്കില്‍ അത് പരമാവധി മുതലെടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അനുകൂല സൂചനകള്‍ ലഭിച്ചാല്‍ ബില്‍ ഈയാഴ്ച തന്നെ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. സിപിഎം, സിപിഐ, ജെഡിയു, ആര്‍ജെഡി എന്നിവ മാത്രമേ കോണ്‍ഗ്രസിനൊപ്പം അവസാനഘട്ടം വരെ ഉറച്ചുനില്‍ക്കുകയുള്ളൂവെന്നാണു ബിജെപി കരുതുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി കക്ഷികളും വോട്ടിങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തയാറായാല്‍ ബില്‍ പാസാക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച ഭൂരിഭാഗം ഭേദഗതികളും അംഗീകരിച്ചാണു ബില്ലിന് അന്തിമരൂപം നല്‍കിയിട്ടുള്ളതെന്നും ബില്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം വൈകിപ്പിക്കല്‍തന്ത്രം മാത്രമാണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
അതേസമയം ബില്ലിനു സഭയില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചാല്‍ അംഗീകരിക്കാമെന്നും അദ്ദേഹം കോണ്‍ഗ്രസിന് ഉറപ്പു നല്‍കി. സര്‍ക്കാരിന് മൃഗീയമായ ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാക്കുന്നത് ലോക്സഭയില്‍ സര്‍ക്കാരിന് എളുപ്പമാകും.