അമേരിക്കയെ പിന്നിലാക്കി, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണി

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (16:18 IST)
സ്മാർട്ട്ഫോൺ വിപണിയിൽ ആമേരിയ്ക്കയെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്ത്. ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണി. കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായത്.

ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണുകൾ നൽകുന്ന ഫീച്ചറുകൾ മധ്യനിര സ്മാർട്ട്ഫീണുകൾ നൽകി ചൈനീസ് കമ്പനികൾ ഇന്ത്യൻ വിപണി പിടിച്ചപ്പോൾ വിൽപ്പനയിൽ വലിയ വർധനവ് തന്നെയുണ്ടായി. ഓൺലൈനായി തുടങ്ങിയ വിൽപ്പന ഓഫ്‌ലൈൻ ഷോറുമുകളിലേയ്ക്കും വ്യാപിയ്ക്കാൻ തുടങ്ങിയതോടെ സ്മാർട്ട്ഫോൺ വിപണി വലുതാവാൻ തുടങ്ങി.

2019ലെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ 72 ശതമാനവും ചൈനീസ് കമ്പനികളാണ് സ്വന്തമാക്കിയിരിയ്ക്കുന്നത്. 2018ൽ ഇത് 60 ശതമാനം മാത്രമായിരുന്നു. ഓൺലൈൻ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഷവോമി, റിയൽമി വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകൾ ഓഫ്‌ലൈൻ സ്റ്റോറുകളിലേക്ക് വിൽപ്പന വികസിപ്പിച്ചപ്പോൾ. ഓഫ്‌ലൈൻ ഷോറൂമുകളെ ഏറെ ആശ്രച്ചിരുന്ന ഓപ്പോ വിവോ തുടങ്ങിയ ബ്രാൻഡുകൾ ഓൺലൈനിലും സജീവമായി.

2019ലെ സ്മാർട്ട്ഫോൺ വിൽപ്പന അടിസ്ഥാനമാക്കി മാർക്കറ്റ് റിസേർച് ഏജൻസിയായ കൗണ്ടർ പോയിന്റ് റിസേർച്ച് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളിൽ 55 ശതമാനവും 4G കണക്ടിവിറ്റി ഉള്ളവരാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :